സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ വരുന്നയാഴ്ച പരിശോധന വര്‍ധിപ്പിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ അവലോകന റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തില്‍ നിര്‍ണായകമായ ഈ മാസം തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതീവ ശ്രദ്ധവേണമെന്നാണ് വിലയിരുത്തല്‍.
ആഗസ്റ്റ് മാസത്തെ രോഗവ്യാപനത്തോത് അനുസരിച്ചായിരിക്കും സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാവിയെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ രോഗവ്യാപനം കൂടുതലുളള അഞ്ചു ജില്ലകളില്‍ കൂടുതല്‍ കരുതല്‍ വേണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.
കാസര്‍കോട് 596 പേര്‍ക്കാണ് രോഗബാധ. തിരുവനന്തപുരത്ത് 551 ഉം ആലപ്പുഴയില്‍ 312 ഉം എറണാകുളത്ത് 218 ഉം മലപ്പുറത്ത് 217 ഉം മാണ് നിരക്ക്. പോസിറ്റിവിറ്റി നിരക്ക് മലപ്പുറത്ത്് 10.3 ഉം കാസര്‍കോട് 10.1 ഉം തിരുവനന്തപുരത്ത് 9.2 ഉം ആണ്. ഇത് അഞ്ചു ശതമാനത്തില്‍ താഴെയെത്തിക്കണമെന്നാണ് നിര്‍ദേശം. കൂടുതല്‍ പരിശോധനകള്‍ നടത്തുമ്പോഴും പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയെത്തുമ്പോഴാണ് രോഗവ്യാപനം നിയന്ത്രണത്തിലാണ് എന്നു പറയാനാകുക.
സ്വകാര്യ ആശുപത്രികളിലെ പരിശോധനകള്‍ വ്യാപിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. വയനാട്, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ കൂടുതല്‍ ചികില്‍സാ സംവിധാനമൊരുക്കാനും നീക്കം തുടങ്ങി. കാസര്‍കോട്, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, വയനാട്, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ ക്ലസ്റ്ററുകളിലെ രോഗനിയന്ത്രണത്തിന് കര്‍ശന നടപടി സ്വീകരിക്കമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.