പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി 45 കോടി രൂപയുടെ സഹായം സർക്കാർ അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണ് തുക ലഭ്യമാക്കിയത്. 8,94,922 തൊഴിലാളികൾക്ക് ഓണക്കാല ആനുകൂല്യം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, പനമ്പ്, ബീഡി ആൻഡ് സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട് സ്‌കീം ആനുകൂല്യമാണ് വിതരണം ചെയ്യുന്നത്.
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസർമാർക്ക് 2,750 രൂപ ഉത്സവബത്ത നിശ്ചയിച്ച് ധന വകുപ്പ് ഉത്തരവിറക്കി. ദിവസവേതനാടിസ്ഥാനത്തിലുള്ള ജീവനക്കാർക്ക് 1,250 രൂപ ഉത്സവബത്ത ലഭിക്കും.ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കേരള സർക്കാർ 4000 രൂപ ബോണസ് പ്രഖ്യാപിച്ചിരുന്നു. ഈ ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
സർവീസ് പെൻഷൻകാർക്ക് 1000 രൂപ പ്രത്യേക ഉത്സവബത്തയും ലഭിക്കും. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും ഈ പ്രത്യേക ഫെസ്റ്റിവൽ അലവൻസിൻ്റെ പ്രയോജനം ലഭിക്കും.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ നൽകും. പാർട്ട് ടൈം ജോലിക്കാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയായിരിക്കും.
കഴിഞ്ഞ വർഷം ഫെസ്റ്റിവൽ അലവൻസ് ലഭിച്ച കരാർ തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും ഈ വർഷവും അതേ നിരക്കിൽ അലവൻസ് ലഭിക്കും. ഓണത്തിനുള്ള പ്രത്യേക സഹായം സംസ്ഥാനത്തെ 13 ലക്ഷത്തിലധികം ജീവനക്കാർക്കും തൊഴിലാളികൾക്കും പ്രയോജനപ്പെടും.
സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും ജീവനക്കാർക്കുള്ള ഓണം ആനുകൂല്യം വെട്ടിക്കുറയ്‌ക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഈ വർഷവും നിലനിർത്തിയിട്ടുണ്ട്.