പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി.

0
42

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്‌ച്ച സംഭവിച്ചതായി പരാതി. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിക്കാണ് ദുരവസ്ഥ ഉണ്ടായത്. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ വനിതാഡോക്ടർ ജെയിൻ ജേക്കബിനെതിരെയാണ് പരാതി. വയറിനുള്ളിൽ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടിയതായും ഇത് കട്ടപിടിച്ച് യുവതിയുടെ ആരോഗ്യനിലയിൽ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടായെന്നുമാണ് പരാതി.

കഴിഞ്ഞ മാസം 23നാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ാം തിയതി വരെ ഗൈനക്കോളജിസ്റ്റായ ജെയിൻ ജേക്കബിന്റെ പരിശോധനയിലാണ് യുവതി ആശുപത്രിയിൽ കഴിഞ്ഞത്. വീട്ടിലെത്തിയ ശേഷം ശരീരമാസകലം നീർക്കെട്ട് വന്നതോടെ ഇവരെ വണ്ടാനം മെഡിക്കൽ കോളേജിൽ തുടർ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് വയറിൽ പഞ്ഞിക്കെട്ട് കിടക്കുന്നതായി കണ്ടെത്തിയത്.

ഈ മാസം എട്ടാം തിയതി ആശുപത്രിയിൽ വച്ച് വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും പുറത്തെടുത്തത്. തുടർന്ന് ആറ് ദിവസം യുവതി ഐസിയുവിലും പിന്നീട് എട്ട് ദിവസം ആശുപത്രി വാർഡിലും ചികിത്സയിൽ കഴിയേണ്ടി വന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രി വീണ ജോർജ്ജിനും പരാതി നൽകിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here