വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ യുവതാരങ്ങള്‍ക്കാണ് കൂടുതല്‍ അവസരം ലഭിച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം നടത്തിയ ഇടംകൈയ്യന്‍ ബാറ്റര്‍ തിലക് വര്‍മ്മ ഇത്തവണ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറും. ഓറഞ്ച് ക്യാപ്പ് നേടിയ യശസ്വി ജയ്സ്വാളും ടീമിലെത്തി. ഉമ്രാന്‍ മാലിക്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ അടങ്ങുന്ന യുവനിരയാണ് പേസ് ബൗളിംഗ് ആക്രമണം നയിക്കുക. സഞ്ജു സാംസണും ഇഷാന്‍ കിഷനും ടീമിലെത്തിയതോടെ രണ്ട് വിക്കറ്റ് കീപ്പര്‍മാരായി.
രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും ബിസിസിഐ വിശ്രമം അനുവദിച്ചു. യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ് എന്നിവരാണ് മൂന്ന് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. അക്സര്‍ പട്ടേലാണ് ഓള്‍റൗണ്ട് ഓപ്ഷന്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമിലുണ്ട്.
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പര ഓഗസ്റ്റ് 3 മുതല്‍ ഓഗസ്റ്റ് 13 വരെ നടക്കും. പരമ്പരയിലെ ആദ്യ മത്സരത്തിന് തരൗബയിലെ ബ്രയാന്‍ ലാറ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. അതിനുശേഷം രണ്ടും മൂന്നും മത്സരങ്ങള്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കും.
രണ്ട് ടീമുകളും പിന്നീട് യുഎസിലേക്ക് പോകും. അവസാന രണ്ട് ടി20 മത്സരങ്ങള്‍ ഫ്‌ലോറിഡയിലെ ലോഡര്‍ഹില്ലിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയം ടര്‍ഫ് ഗ്രൗണ്ടില്‍ നടക്കും.
ഇന്ത്യയുടെ ടി20 ടീം
ഇഷാന്‍ കിഷന്‍ (WK), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, സൂര്യ കുമാര്‍ യാദവ് (VC), സഞ്ജു സാംസണ്‍ (wk), ഹാര്‍ദിക് പാണ്ഡ്യ (C), അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമിനെ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ രോഹിത് ശര്‍മ്മ തന്നെ ടീമിനെ നയിക്കും. വെറ്ററന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര് പൂജാരയെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി.അജിങ്ക്യ രഹാനെയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെ ടെസ്റ്റ് പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍സി ചുമതല ലഭിച്ചു. യുവ താരങ്ങളായ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദും ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടം നേടി. ഈ മാസം ആദ്യം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി യശസ്വിയെ് സ്റ്റാന്‍ഡ്ബൈ ആയി കരുതിയിരുന്നു.