കണ്ണന്റെ പിറന്നാളായ അഷ്ടമിരോഹിണി മഹോത്സവം ; ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.

0
45

ഗുരുവായൂർ: കണ്ണന്റെ പിറന്നാളായ അഷ്ടമിരോഹിണിക്കൊരുങ്ങി ഗുരുവായൂർ. 26നാണ് അഷ്ടമി രോഹിണി. തിങ്കളാഴ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്ബൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്ബൂതിരിപ്പാട്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

പുലർച്ചെ നിർമാല്യം മുതല്‍ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് നേരെ വിടും. ഇതിനാല്‍ പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. വി.ഐ.പി, സ്പെഷല്‍ ദർശനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ 4.30 മുതല്‍ 5.30 വരെയും വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെയും മാത്രമാകും. ചോറൂണ്‍ വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്ക് ദർശന സൗകര്യം നല്‍കും.

ആഘോഷത്തിനായി 35,80,800 രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. ചുറ്റുവിളക്ക്, കാഴ്ചശീവേലി മുതലായവക്ക് 6,80,000 രൂപ അനുവദിച്ചു. എല്ലാ ഭക്തർക്കും വിശേഷാല്‍ പ്രസാദ ഊട്ട് നല്‍കും. കാല്‍ ലക്ഷത്തിലേറെ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ. പ്രസാദ ഊട്ടിനു മാത്രമായി 25,55,000 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചിട്ടുണ്ട്. പ്രത്യേക വിഭവങ്ങള്‍ക്ക് 2,07,500 രൂപ വകയിരുത്തി.

രസകാളൻ, ഓലൻ, അവിയല്‍, എരിശ്ശേരി, പൈനാപ്പിള്‍ പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായവറവ്, അച്ചാർ, പുളിയിഞ്ചി, പപ്പടം, മോര്, പാല്‍പായസം എന്നിവയാണ് വിഭവങ്ങള്‍. രാവിലെ ഒമ്ബത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പിറന്നാള്‍ സദ്യ. പ്രസാദ ഊട്ട് ഭക്തർക്ക് വിളമ്ബി നല്‍കാൻ ദേവസ്വം ജീവനക്കാർക്കു പുറമെ 100 പ്രഫഷനല്‍ വിളമ്ബുകാരെ നിയോഗിക്കും. അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടായ പാല്‍പായസത്തിന് 8.08 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും അപ്പത്തിന് 7.25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും ഭരണസമിതി അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here