വയനാടിനായി നോര്‍ക്ക റൂട്ട്സ് സ്വരൂപിച്ച 28 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി.

0
34

ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാടിന്റെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 28 ലക്ഷം രൂപയുടെ ചെക്കുകള്‍ നോര്‍ക്കാ റൂട്ട്സ് കൈമാറി. നോര്‍ക്കാ റൂട്ട്സ് ആദ്യഘട്ടത്തില്‍ സ്വരൂപിച്ച 28,72,757 രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകിയും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരിയും ചേര്‍ന്നാണ് ചെക്കുകള്‍ കൈമാറിയത്.

നോര്‍ക്ക റൂട്ട്സിന്റെയും ജീവനക്കാരുടെ വിഹിതവും ചേർത്ത് സ്വരൂപിച്ച 25 ലക്ഷം രൂപ, നോര്‍ക്കാ റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായ 50,000 രൂപ, ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ഒരു ലക്ഷം രൂപ, ബംഗലൂരിലെ പ്രവാസികളായ മനോജ് കെ വിശ്വനാഥന്റെയും കുടുംബത്തിന്റെയും 1,17,257 രൂപ, അന്തോണി സ്വാമിയുടേയും കുടുംബത്തിന്റെയും 1,05,500 രൂപ ഉള്‍പ്പെടെയുളള ചെക്കുകളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

അതേസമയം, വയനാടിന് കൈത്താങ്ങായി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന നൂറ് കോടി കടന്നു. രണ്ടാഴ്ചക്കിടെ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 110.55 കോടി രൂപയാണ്. ജൂലൈ മുപ്പത് മുതലാണ് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് എത്തി തുടങ്ങിയത്. വയനാടിന് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധിപേരാണ് ഇതിനോടകം സംഭാവന നൽകിയത്. കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതൽ വൻകിട വ്യവസായികളുടെ വരെ സംഭാവനയിലൂടെയാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ 100 കോടി രൂപ സമാഹരിക്കാനായത്. രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവർത്തകരും അടക്കം നിരവധി പേര്‍ ഇതിനോടകം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here