ശമ്പള വർധനവ് ആവശ്യപ്പെട്ട് സാംസങ് യൂണിയൻ തൊഴിലാളികൾ.

0
54

ഈ വർഷം ശരാശരി 5.4 ശതമാനം ശമ്പള വർദ്ധനവ് അനുവദിക്കണമെന്ന ആവശ്യവുമായി സാംസങ്ങിന്റെ തൊഴിലാളി യൂണിയനുകൾ. സാംസങ്ങിന്റെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന 11 ലേബർ യൂണിയനുകളിലെ തൊഴിലാളാണ് ഒന്നിലധികം ആവശ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് തൊഴിലാളി സംഘടന ഇക്കാര്യം അറിയിച്ചത്. 2023 ലെ 3.6 ശതമാനം പണപ്പെരുപ്പവും തൊഴിൽ ഉൽപാദനക്ഷമതയിൽ 1.8 ശതമാനം വർദ്ധനവും ചൂണ്ടിക്കാണിച്ചാണ് ശമ്പള വർദ്ധനവിനായി തൊഴിലാളികൾ ആവശ്യമുന്നയിച്ചിരിക്കുന്നത്.

സാംസങ്ങിന്റെ അടിസ്ഥാന വേതന നിരക്ക് വർദ്ധിപ്പിക്കുക, വിരമിക്കൽ പ്രായം ഉയർത്തുക, മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം നിലനിർത്തുന്നതിന് അഞ്ച് ദിവസത്തെ റിഫ്രഷ്‌മെൻ്റ് ലീവ് അനുവദിക്കുക തുടങ്ങിയവയാണ് പ്രധാനമായും തൊഴിലാളികൾ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യങ്ങൾ. ഇതിനുപുറമേ മികച്ച മൂല്യനിർണ്ണയ സംവിധാനം ഏർപ്പെടുത്താനും സംയുക്ത ലേബർ മാനേജ്‌മെൻ്റ് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കാനും കമ്പനിയോട് തൊഴിലാളികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

അതേസമയം തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ടു പോകാൻ സാംസങ് ഇലക്‌ട്രോണിക്‌സ് ചെയർമാൻ ലീ ജേ-യോങ്ങുമായി കൂടിക്കാഴ്ച നടത്താനും യൂണിയൻ താത്പര്യം അറിയിച്ചു. “യൂണിയൻ വിരുദ്ധ നിലപാടിനെതിരെ ധീരമായ നടപടികൾ സ്വീകരിച്ച ചെയർമാൻ ലീ ജെയ്-യോങ്, യൂണിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും തൊഴിലാളികളുടെയും മാനേജ്‌മെൻ്റിൻ്റെയും പരസ്പര ആനുകൂല്യങ്ങൾക്കായി ന്യായമായ നിർദ്ദേശങ്ങൾ കേൾക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നും യൂണിയൻ
പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

സാംസങ് ഡിസ്പ്ലേ കമ്പനി, സാംസങ് ലൈഫ് ഇൻഷുറൻസ് കമ്പനി, സാംസങ് ഫയർ & മറൈൻ ഇൻഷുറൻസ് കമ്പനി എന്നിവയുൾപ്പെടെ സാംസങ് ഗ്രൂപ്പ് അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുള്ള 11 അംഗ യൂണിയനുകളാണ് ഈ ആവശ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here