ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി സുരക്ഷാ സേന. ഭീകര സംഘടനയുമായി ബന്ധമുള്ള രണ്ടുപേരെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സോപ്പൂര്‍ ജില്ലയില്‍ നിന്നാണ് ഭീകരരുടെ സഹായികളായ രണ്ടുപേരെ നോര്‍ത്ത് കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ആയുധ ശേഖരങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഗ്രനേഡുകളും എ കെ 47 നും ബുള്ളറ്റുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. പ്രദേശത്ത് ഭീകരരുടെ സഹായികളുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
അതേസമയം, കഴിഞ്ഞ ദിവസം ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുദാസിര്‍ ഫാറൂഖ് ഭട്ട്, താഖിര്‍ അഹമ്മദ് ഭട്ട്, ആസിഫ് ഭട്ട്, ഖാലിദ് ലത്തീഫ് ഭട്ട്, ഖാസി ഇക്ബാല്‍, തരീഖ് ഹുസൈന്‍ മിര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ചിലരെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.