ബിഗ് ബോസ് തമിഴിന്റെ മുഖമായി ആരാധകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു ഉലകനായകൻ കമൽ ഹാസൻ. താരത്തിന്റെ അവതരണ ശൈലി ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ പ്രക്ഷേപണത്തിന് ഒരുങ്ങുന്ന തമിഴ് ബിഗ് ബോസ് സീസണിൽ അവതാരകനായി കമൽഹാസൻ ഉണ്ടാവില്ല. ബിഗ് ബോസ് തമിഴിൽ നിന്നും കമൽ ഹാസൻ പിന്‍മാറുന്നു. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
താത്കാലികമായി വിട്ടു നിൽക്കുകയാണെന്ന് ഷോയുടെ അവതാരകനായ കമൽ ഹാസൻ അറിയിച്ചു. തമിഴിൽ ബിഗ് ബോസ് തുടങ്ങിയത് മുതൽ കഴിഞ്ഞ ഏഴ് സീസൺ വരെ കമൽ ഹാസനാണ് അവതാരകനായി എത്തിയത്. 2017 ജൂൺ 25 നാണ് ബിഗ് ബോസിൻ്റെ തമിഴ് പതിപ്പ് സംപ്രേക്ഷണം ആരംഭിച്ചത്. ആകെ 19 മത്സരാർത്ഥികളുമായാണ് ആ ആദ്യ സീസൺ ആരംഭിച്ചത്. ഷോയുടെ ഏറ്റവും മികച്ച ഭാഗം അതിന്റെ അവതാരകനായ കമൽഹാസനാണ്. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായാണ് താത്കാലികമായി ഇടവേള എടുക്കുന്നതെന്ന് കമൽ ഹാസൻ പോസ്റ്റിൽ പറഞ്ഞു.
“7 വർഷം മുൻപു തുടങ്ങിയ ആ യാത്രയിൽ നിന്നും ഞാനൊരു ബ്രേക്ക് എടുക്കുന്നു. ഞാൻ നേരത്തെ തീരുമാനിച്ചിരുന്ന ചില സിനിമാ തിരക്കുകൾ കാരണം ബിഗ് ബോസിൽ നിന്ന് പിന്മാറുകയാണ്. ഒഴിവാക്കാനാവാത്ത സാഹചര്യമായതിനാലാണിത്. ബിഗ് ബോസിൻ്റെ വരാനിരിക്കുന്ന സീസൺ ഹോസ്റ്റുചെയ്യാൻ എനിക്ക് കഴിയില്ലെന്ന് നിങ്ങളെ അറിയിക്കുന്നു. ഈ ഷോയിലൂടെ എന്നെ സ്‌നേഹിച്ച എല്ലാ ആരാധകരോടും എൻ്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.
ഇന്ത്യയിൽ ഇതുവരെ സംപ്രേഷണം ചെയ്തതിൽ വച്ച് ഏറ്റവും മികച്ച ഷോകളിലൊന്നാണ് ബിഗ് ബോസ് തമിഴ്. അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, എനിക്ക് ഈ ഷോ നൽകിയതിന് വിജയ് ടിവിയോടും അതിൻ്റെ എല്ലാ സാങ്കേതിക വിദഗ്ധരോടും ഞാൻ നന്ദി പറയുന്നു. വരാനിരിക്കുന്ന ബിഗ് ബോസിന് എല്ലാ ആശംസകളും നേരുന്നു’ എന്നാണ് കമൽ ഹാസൻ കുറിച്ചത്. അതേസമയം, കമൽഹാസനു പകരം ആരാവും ബിഗ് ബോസ് അവതാരകനായി എത്തുക എന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ ഉറ്റുനോക്കുന്നത്.