പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പ്രശാന്ത് കിഷോർ.

0
57

പട്നയിൽ നടന്ന ജൻ സൂരജിൻ്റെ സംസ്ഥാനതല വർക്ക്ഷോപ്പിലാണ് പ്രശാന്ത് കിഷോറിൻ്റെ പ്രഖ്യാപനം. ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിൻ്റെ കൊച്ചുമകൾ, ഭാരതരത്ന ജേതാവും സാമൂഹ്യപ്രവർത്തകനുമായ വീരേന്ദ്രനാഥ് താക്കൂറിൻ്റെ മകൾ ജാഗ്രിതി താക്കൂർ തുടങ്ങിയ പ്രമുഖരും വർക്ക്ഷോപ്പിൽ പങ്കെടുത്തു. ജൻ സൂരജ് അഭിയാൻ രാഷ്ട്രീയ പാർട്ടിയാകുന്നതോടെ ഒരു കോടിയോളം പേർ അംഗത്വമെടുക്കുമെന്ന് പ്രശാന്ത് കിഷോർ അവകാശപ്പെട്ടിരുന്നു.

ജാതീയമായി വിവിധ ചേരികളിൽ നിൽക്കുന്ന ബിഹാറിനെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജൻ സൂരജ് അഭിയാൻ കമ്മിറ്റി അംഗങ്ങളോട് പ്രശാന്ത് കിഷോർ അറിയിച്ചിരുന്നു. തൻ്റെ ശ്രമം ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടിരുന്നു.ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 സീറ്റിലും മത്സരിക്കാനാണ് പ്രശാന്ത് കിഷോറിൻ്റെ തീരുമാനം. കേവലം തെരഞ്ഞെടുപ്പ് വിജയം മാത്രമല്ലെന്നും ബിഹാറിൻ്റെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നുമാണ് പ്രശാന്ത് കിഷോർ വ്യക്തമാക്കുന്നത്.

അതേസമയം പ്രതിപക്ഷമായ ആർജെഡിയെ ലക്ഷ്യമിട്ടാണ് നീക്കമെന്ന സൂചനയും പ്രശാന്ത് കിഷോർ പങ്കുവെക്കുന്നുണ്ട്. റാന്തൽ വിളക്ക് കത്തിക്കാൻ മണ്ണെണ്ണയില്ലാതെ വരുമെന്നും ന്യൂനപക്ഷങ്ങൾ ജൻ സൂരജ് അഭിയാൻ്റെ ഭാഗമാകുന്നതോടെ റാന്തൽ വിളക്ക് അണയുമെന്നും ആർജെഡിയെ ഉന്നമിട്ട് പ്രശാന്ത് കിഷോർ പറഞ്ഞു. ആർജെഡിയുടെ പാർട്ടി ചിഹ്നമാണ് റാന്തൽ വിളക്ക്.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സൂരജ് അഭിയാൻ മത്സരരംഗത്ത് ഉണ്ടാകുമെന്ന് പ്രശാന്ത് കിഷോർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ബിഹാറിലെ മുസ്ലീം സമുദായത്തിൽനിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ജൻ സൂരജിന് കീഴിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള 75 ഓളം സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ഉദ്ദേശ്യമുണ്ടെന്നും പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (I – PAC) എന്ന കൺസൾട്ടിങ് സ്ഥാപനത്തിൻ്റെ സ്ഥാപകനാണ്.

നരേന്ദ്ര മോദി, മമത ബാനർജി, നിതിഷ് കുമാർ, അരവിന്ദ് കെജ്രിവാൾ എന്നിവർക്കായി തെരഞ്ഞെടുപ്പ് വിജയതന്ത്രം രചിച്ചത് പ്രശാന്ത് കിഷോർ ആയിരുന്നു. 2018ൽ പ്രശാന്ത് കിഷോർ ജെഡിയുവിൽ ചേർന്നിരുന്നു. ജെഡിയുവിൻ്റെ ദേശീയ ഉപാധ്യക്ഷനായി തുടരുന്നതിനിടെ, 2020ൽ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പാർട്ടി പ്രശാന്ത് കിഷോറിനെ പുറത്താക്കി.

LEAVE A REPLY

Please enter your comment!
Please enter your name here