ചെറുതോണി (ഇടുക്കി): റോഡരികിൽ തലയിടിച്ചുവീണ് ചോരവാർന്ന് കിടന്ന യുവാവിനെ കണ്ടില്ലെന്ന് നടിക്കാൻ ആയില്ല ഈ പ്ലസ് ടു വിദ്യാർത്ഥികൾക്ക്. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ അഡോണും ജിൻസും ആണ് ആരും തിരിഞ്ഞുനോക്കാതെ കിടന്ന തൃശ്ശൂർ സ്വദേശി ജിസ്‌മോന് രക്ഷകരായത്.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഡോണും ജിൻസും കണ്ടത് തലയ്ക്ക് പരിക്കേറ്റ് ചോര വാർന്ന് ബസ് സ്റ്റാൻഡിലെ ചെളിവെള്ളത്തിൽ കിടക്കുകയായിരുന്ന ജിസ്മോനെയാണ്. ഉടൻ തന്നെ ഇരുവരും ചേർന്ന് ഓട്ടോറിക്ഷയിൽ കയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ തലയ്ക്കും മുഖത്തിനും സാരമായി പരിക്കേറ്റിരുന്നതിനാൽ പോലീസിന്റെ ഹെൽപ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് യുവാവിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ബന്ധുക്കളെത്തി ജിസ്‌മോനെ തൃശ്ശൂരിലേക്ക് കൊണ്ടുപോയി. ചേലച്ചുവട് പേയ്ക്കൽ സന്തോഷിന്റെ മകനാണ് അഡോൺ. വിച്ചാട്ട് സജിയുടെ മകനാണ് ജിൻസ്.