2023-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ അധ്യക്ഷനായി സംവിധായകൻ സുധീർ മിശ്ര. 1987-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ‘യേ വോ മൻസിൽ തോ നഹിൻ’ എന്ന ചിത്രത്തിലൂടെയാണ് മിശ്ര തൻ്റെ അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിൻ്റെ ദേശീയ അവാർഡ് നേടിയ ചിത്രമായ ധാരാവിയും, അടിയന്തരാവസ്ഥ കാലത്തെ മൂന്ന് ആദർശവാദികളായ യുവാക്കളുടെ കഥ പറയുന്ന 2003-ൽ പുറത്തിറങ്ങിയ ‘ഹസാരോൺ ഖ്വൈഷെയ്ൻ ഐസി’ എന്ന ചിത്രവും ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഫ്രഞ്ച് സർക്കാർ 2010-ൽ ഷെവലിയർ ഓഫ് ദി ഓർഡ്രെ ഡെസ് ആർട്‌സ് എറ്റ് ഡെസ് ലെറ്റേഴ്‌സ് നൽകി അദ്ദേഹത്തെ ആദരിച്ചു.
ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകൻ അഴഗപ്പൻ എന്നിവർ പ്രാഥമിക ജഡ്ജിംഗ് പാനലിലെ രണ്ട് ഉപസമിതികളുടെ തലവന്മാരായിരിക്കും. ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതജ്ഞൻ ശ്രീവൽസൻ ജെ.മേനോൻ എന്നിവരും പാനൽ അംഗങ്ങളാണ്.
ഛായാഗ്രാഹകൻ പ്രതാപ് വി. നായർ, എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരായ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, മാളവിക ബിന്നി, സൗണ്ട് റെക്കോർഡിസ്റ്റ് സി.ആർ. ചന്ദ്രൻ എന്നിവരും പ്രിലിമിനറി ജഡ്ജിംഗ് പാനലിൽ ഉൾപ്പെടും.
ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയുമായ ജാനകി ശ്രീധരൻ സിനിമയുമായി ബന്ധപ്പെട്ട രചനകൾക്കുള്ള അവാർഡുകൾക്കുള്ള ജൂറി അധ്യക്ഷയാകും. ചലച്ചിത്ര നിരൂപകൻ ജോസ് കെ. മാനുവൽ, എഴുത്തുകാരൻ ഒ.കെ. സന്തോഷ് എന്നിവർ അംഗങ്ങളായിരിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി .അജോയ് എല്ലാ പാനലുകളിലും മെമ്പർ സെക്രട്ടറിയായിരിക്കും.
ആകെ 160 ചിത്രങ്ങളാണ് അവാർഡിനായി സമർപ്പിച്ചിരിക്കുന്നത്. ജൂലായ് 13ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.