ലഡാക്ക്: ലഡാക്കില്‍ സൈനിക ടാങ്ക് അപകടത്തില്‍ അഞ്ച് സൈനികർക്ക് വീരമൃത്യു. നിയന്ത്രണ രേഖക്ക് സമീപമാണ് അപകടമുണ്ടായത്.
ടാങ്കില്‍ നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അപകടം. അഞ്ച് സൈനികരുടെ മൃതദേഹവും കണ്ടെടുത്തതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ദൗലത് ബേഗ് ഓള്‍ഡി മേഖലയില്‍ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ടി-72 ടാങ്കിലായിരുന്നു സൈനികർ നദി മുറിച്ചുകടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്ന് മിന്നല്‍പ്രളയം സംഭവിക്കുകയായിരുന്നു. ഇതോടെ ടാങ്ക് ഒഴുകിപ്പോയി. പിന്നീട് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്.
ധീരരായ അഞ്ച് സൈനികരുടെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ധീരസൈനികരുടെ സേവനം എക്കാലവും രാജ്യം സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.