മലയാളി ജവാന്റെ ജീവൻ രക്ഷിച്ച്, ജീവിത സഖിയായ മാതൃകാ സ്ഥാനാർഥി

0
94

മലയാളി ജവാനെ രക്ഷിച്ച്, വലതു കൈ നഷ്‌ടമായ ചത്തീസ്ഗഡ് സ്വദേശി ജ്യോതി, ഇന്ന് ആ മലയാളി ജവാൻ വികാസിന്റെ ഭാര്യയാണ്.

പാലക്കാട്: ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ചത്തീസ്ഗഡ് സ്വദേശി ജ്യോതിയുടെ ജീവിത കഥ വളരെ ഹൃദയസ്പർശിയാണ്. ജ്യോതി, ഛത്തിസ്ഗഡിലുള്ള, ബചേലിയിലെ വീട്ടിലേക്ക് പോവാനായി, കയറിയ ബസ് യാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍, മലയാളിയായ സിഐഎസ്എഫ് ജവാന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിലാണ്, ജ്യോതിയുടെ വലതു കൈ നഷ്ടപ്പെട്ടത്. എന്നാൽ പിന്നീട് നടന്നതെല്ലാം സംഭവബഹുലം.

2010 ജനുവരി മൂന്നിനാണ് ജ്യോതിയുടെ ജീവിതം മാറി മറിഞ്ഞത് . ബി.എസ്.സി. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ജ്യോതി ഹോസ്റ്റലിൽ താമസിച്ച്, ചത്തീസ്ഗഡ്, ദുർഗിലെ മൈത്രി കോളേജിലാണ് പഠിച്ചിരുന്നത്. വീട്ടിലേക്ക് പോവാനായി കയറിയ ബസിൽ പാലക്കാട് പാലത്തുള്ളി സ്വദേശിയായ വികാസും ഉണ്ടായിരുന്നു. സിഐഎസ്എഫ് ജവാനായ വികാസ് ദെണ്ഡേവാഡ ജില്ലയിലെ ബെലാഡിലയിലാണ്  ജോലി ചെയ്തിരുന്നത്. ചത്തീസ്ഗഡിലെ മറ്റൊരു ക്യാമ്പിലുണ്ടായിരുന്ന തൻറെ സഹോദരൻ വിശാലിനെ കണ്ടശേഷം മടങ്ങുകയായിരുന്നു.

വികാസ് ഇരുന്നതിൻ്റെ പുറകിലെ സീറ്റിലാണ് ജ്യോതി ഇരുന്നിരുന്നത്. ബസിലെ വിൻഡോ സീറ്റിൽ വികാസ് തല ചായ്ച്ചിരുന്ന് ഉറങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു ട്രക്ക് നിയന്ത്രണം തെറ്റി ഇവര്‍ ഇരുന്ന വശത്തേയ്ക്ക് വരുന്നത് യാത്രക്കാര്‍ കണ്ടത്. എന്നാൽ ഉറങ്ങുകയായിരുന്ന വികാസ് ഇതറിഞ്ഞില്ല. അപകടം മനസ്സിലാക്കിയ ജ്യോതി മറ്റൊന്നും ആലോചിച്ചില്ല,  വലതുകൈ കൊണ്ട് വികാസിന്റെ തല പിടിച്ച് അകത്തേക്ക് തള്ളി. പക്ഷേ അപ്പോഴേയ്ക്കും ജ്യോതിയുടെ കൈ ആ ട്രക്കില്‍ കുടുങ്ങി വേര്‍പെട്ടു.

ബസിൽ പെട്ടെന്നുണ്ടായ ഉലച്ചിലും ശബ്ദവും കേട്ട് ഞെട്ടിയുണർന്ന വികാസ് കണ്ടത് രക്തത്തിൽ കുളിച്ചു നിൽക്കുന്ന ജ്യോതിയെയാണ്. എന്താണ് സംഭവിച്ചതെന്ന് വികാസിന് മനസ്സിലായില്ല. തൊട്ടടുത്തുണ്ടായിരുന്ന ജ്യോതിയെ വികാസ് താങ്ങി നിർത്തി. ജ്യോതിയുടെ വലതുകൈ അറ്റുപോയ ഭാഗത്ത് നിന്നും ചോര ചിന്തിയൊഴുകി. താൻ മരവിച്ചു പോയ നിമിഷമായിരുന്നു അതെന്ന് വികാസ് പറയുന്നു.

പക്ഷേ യാത്രക്കാർ അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ പ്രതികരിയ്ക്കുന്ന തിരക്കിലായിരുന്നു. ജ്യോതിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്ന് വികാസ് ആവശ്യപ്പെട്ടതോടെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിലേയ്ക്ക് ബസ് വിട്ടു. ഒരു തുണിയിൽ പൊതിഞ്ഞുവെച്ചിരുന്ന കൈ വികാസ് തന്നെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ ജ്യോതിയുടെ വേർപ്പെട്ട കൈ തുന്നി ചേർക്കാനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നില്ല.

ആ പെൺകുട്ടി, തൻ്റെ തല തള്ളി ഉള്ളിലേയ്ക്ക് മാറ്റിയില്ലായിരുന്നുവെങ്കിൽ താനിപ്പോൾ ജീവിച്ചിരിപ്പുണ്ടാവില്ലെന്ന് വികാസ് ഞെട്ടലോടെ ഓർത്തു. തനിക്ക് വേണ്ടിയാണ് ജ്യോതിയുടെ കൈ നഷ്ടപ്പെട്ടതെന്നറിഞ്ഞ നിമിഷം മുതൽ അവർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യണമെന്ന ചിന്ത മാത്രമായി വികാസിൻ്റെ മനസ്സിൽ.

ജ്യോതിയുടെ വേർപ്പെട്ട കൈ എത്രയും വേഗം തുന്നിചേർക്കണം എന്നായിരുന്നു വികാസിൻ്റെ ചിന്ത മുഴുവൻ. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ജ്യോതിയെയും കൊണ്ട് ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിലേക്ക് പോയി. പക്ഷേ കൈ അത്രമാത്രം തകർന്നതാണെന്നും, തുന്നിചേർക്കാൻ കഴിയില്ലെന്നും ഡോക്ടർമാർ അറിയിച്ചു. പക്ഷേ വികാസ് പിന്മാറാൻ ഒരുക്കമായിരുന്നില്ല. അവിടെ നിന്നും റായ്പൂരിലെ രാമകൃഷ്ണ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇതിനിടെ തൻ്റെ സഹോദരൻ വിശാലിനോട് വിവരം പറഞ്ഞു. സംഭവം കേട്ടയുടൻ വിശാലും ആശുപത്രിയിലെത്തി. എന്നാൽ നിരാശയായിരുന്നു ഫലം. കൈ തുന്നിചേർക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നും അങ്ങനെ ചെയ്താൽ തന്നെ അത് പഴുത്ത് കൂടുതൽ ഗുരുതരാവസ്ഥയാവുമെന്നും ഡോക്ടർമാർ പറഞ്ഞു. ഇതുകേട്ട് വികാസ് പൂർണമായും തകർന്നു.

ജ്യോതിയുടെ കൈ അറ്റുപോയ വിവരമറിഞ്ഞതോടെ സഹോദരൻ വിശാലും എങ്ങനെയും അവരെ രക്ഷപ്പെടുത്തണമെന്ന ചിന്തയിലായിരുന്നു. അറ്റുപോയ കൈ തുന്നിചേർക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ തൻ്റെ കൈ മുറിച്ച് അവർക്ക് വെക്കാൻ പറ്റുമോയെന്ന് വിശാൽ ചോദിച്ചത് ഡോക്ടർമാരെ ഞെട്ടിച്ചു. വിശാലിന് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു തൻറെ സഹോദരൻ വികാസ്. ആ സഹോദരൻ്റെ ജീവൻ രക്ഷിച്ച ജ്യോതിയ്ക്ക് വേണ്ടി എന്തും ചെയ്യുമെന്ന് അവൻ തീരുമാനിച്ചു.

ജ്യോതി അപകടത്തിൽപ്പെട്ട വിവരം അവരുടെ വീട്ടുകാരെ അറിയിച്ചെങ്കിലും, ഞെട്ടിപ്പിക്കുന്ന പ്രതികരണമാണ് ലഭിച്ചതെന്ന് വികാസ് പറയുന്നു. ഒരു പരിചയവുമില്ലാത്ത ആൾക്കു വേണ്ടി എന്തിനാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു വീട്ടുകാർ ജ്യോതിയോട് ചോദിച്ചത്. അവളുടെ ഭാവി, അറിയാത്ത ഒരാൾക്ക് വേണ്ടി നശിപ്പിച്ചുവെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പന്ത്രണ്ടു ദിവസം കഴിഞ്ഞാണ് വീട്ടുകാർ ആശുപത്രിയിൽ എത്തിയത്.

ജ്യോതി ഡിസ്ചാർജാവുന്നത് വരെ വികാസ് സഹായത്തിനായി ആശുപത്രിയിൽ നിന്നു. ഈ സമയങ്ങളിലെല്ലാം നെഞ്ചുനീറി കഴിയുകയായിരുന്നു വികാസ്. എന്തിനാണ് തന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒരു പെണ്‍കുട്ടി അവളുടെ കൈ നഷ്ടപ്പെടുത്തിയത് . ആ ചോദ്യത്തിന് ജ്യോതി നല്‍കിയ മറുപടി ആ ജവാനെ കരയിക്കുന്നതായിരുന്നു.

“എൻ്റെ കൈ പോയാലെന്താ, എൻ്റെ നഷ്ടപ്പെട്ട കൈകൊണ്ട് ഒരു ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞല്ലോ, ഒരാളുടെ ജീവനേക്കാൾ വലുതല്ല കൈ” ജ്യോതിയുടെ ഈ മറുപടി വികാസിനെ വല്ലാതെ സ്പർശിച്ചു. പക്ഷേ അപ്പോഴും ജ്യോതിയെ വീട്ടുകാര്‍ വല്ലാതെ ഒറ്റപ്പെടുത്തി, കുറ്റപ്പെടുത്തി, അതു തുടര്‍ന്നു കൊണ്ടേയിരുന്നു.

ആശുപത്രി വിട്ടതോടെ, ജ്യോതി വീട്ടിൽ കൂടുതൽ ഒറ്റപ്പെട്ടു. ഇതിനിടെ വികാസിന് നാട്ടിൽ വിവാഹ ആലോചനകൾ തുടങ്ങിയിരുന്നു. എന്നാൽ ജ്യോതിയെ വിവാഹം ചെയ്യാനായിരുന്നു വികാസിൻ്റെ തീരുമാനം. പക്ഷേ ജ്യോതി ആദ്യം കടുത്ത എതിർപ്പുയർത്തി. സിമ്പതിയുടെ പേരിൽ വിവാഹം ചെയ്യരുതെന്നും, തനിക്ക് വികാസിനെ ഒരു തരത്തിലും സഹായിക്കാൻ പറ്റില്ലെന്നും ജ്യോതി പറഞ്ഞു. വികാസിൻ്റെ വീട്ടുകാർക്കും, ജ്യോതിയുമായുള്ള വിവാഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ തനിക്ക് വേണ്ടി കൈ നഷ്ടപ്പെടുത്തിയ ജ്യോതിയെ തന്നെ വിവാഹം കഴിക്കുമെന്ന് വികാസ് വ്യക്തമാക്കി.

പക്ഷേ ജ്യോതിയുടെ വീട്ടുകാർ എതിർത്തു. രണ്ടു പേരും വിത്യസ്ത ജാതിയിൽപ്പെട്ടതായിരുന്നു കാരണം. എന്നാൽ വികാസിൻ്റെ നിലപാടിൽ പൂർണ വിശ്വാസമായതോടെ ജ്യോതി വിവാഹത്തിന് സമ്മതം അറിയിച്ചു. വീട്ടിൽ നിന്നും ഇറങ്ങി വികാസിൻ്റെ കൈ പിടിച്ച് കേരളത്തിലേക്ക് വണ്ടി കയറി.

ചത്തീസ്ഗഡില്‍ നിന്നും പാലക്കാട്ടെ വീട്ടിലെത്തിയതോടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ജ്യോതിയെ തല്ക്കാലം വികാസിൻ്റെ വല്യമ്മയുടെ വീട്ടിൽ താമസിപ്പിച്ചു. വല്യമ്മയും കൂട്ടരും പെൺ വീട്ടുകാരായി. 2011 ഏപ്രില്‍ 13 ന് കൊടുമ്പ് സ്വബ്രഹ്മണ്യ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായി. നാട്ടുകാരെയെല്ലാം ക്ഷണിച്ച് വിവാഹം ആഘോഷമാക്കി. ഇപ്പോള്‍ കോയമ്പത്തൂരിലാണ് വികാസ് ജോലി ചെയ്യുന്നത്. ഇവർക്ക് എട്ടു വയസും, നാലു വയസുമുള്ള രണ്ടു മക്കളുണ്ട്. ജ്യോതി ഇന്ന് വികാസിനൊപ്പം സന്തോഷവതിയാണ്.

ഒരു കൈ മാത്രമുള്ള ജ്യോതി, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ, പാലത്തുള്ളി ഡിവിഷനിലേക്കാണ് ബി.ജെ.പി. സ്ഥാനാർത്ഥിയായി ജനവിധി തേടി മത്സരിയ്ക്കുന്നത്. മികച്ച പിന്തുണയാണ് വികാസും കുടുംബവും നൽകിയിട്ടുള്ളത്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് ജ്യോതി പറയുന്നു. ഇന്നിപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സംഭവിച്ചതെല്ലാം നല്ലതിനാണെന്നേ ജ്യോതിയ്ക്കും, വികാസിനും പറയാനുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here