പരിശീലനം കഴിഞ്ഞെത്തിയപ്പോള്‍ നിയമനം റദ്ദാക്കി PSC; ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോലിനഷ്ടപ്പെട്ട് യുവതി.

0
30

ലപ്പുഴ: ഏറെ ആഗ്രഹിച്ചും പരിശ്രമിച്ചും നേടിയ ജോലി കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ടുപോകുന്നതിന്റെ നടുക്കത്തിലാണ് കുട്ടനാട് കിടങ്ങറ മനാകരി വീട്ടില്‍ രേഷ്മ എം.

രാജും(32) കുടുംബവും. പി.എസ്.സി. മുഖേന വനം-വന്യജീവി വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറായാണ് രേഷ്മ ജോലിക്കു കയറിയത്. തുടർന്ന്, ഒന്നരവർഷത്തെ പരിശീലനത്തിനായി മഹാരാഷ്ട്രയിലെ ഫോറസ്റ്റ് അക്കാദമിയിലേക്കു പോയി. അതിനിടെ, മറ്റൊരു ഉദ്യോഗാർഥിയുടെ അവകാശവാദം അംഗീകരിച്ച്‌ രേഷ്മയുടെ നിയമനം പി.എസ്.സി. റദ്ദാക്കുകയായിരുന്നു.

പരിശീലനം കഴിഞ്ഞ് 18-നാണ് രേഷ്മ നാട്ടിലെത്തിയത്. ദേശീയതലത്തില്‍ മൂന്നാം റാങ്കോടെയാണ് പരിശീലനം പൂർത്തിയാക്കിയത്. രാജ്യത്തെ വിവിധ അക്കാദമികളില്‍ ഒപ്പം പരിശീലനം നേടിയവരെല്ലാം തിങ്കളാഴ്ച വനംവകുപ്പിന്റെ വിവിധ ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിക്കും. വനംവകുപ്പില്‍നിന്നു വിരമിച്ച അച്ഛന്റെ പാത പിന്തുടർന്ന്, കാടിനെയും പ്രകൃതിയെയും ഏറെയിഷ്ടപ്പെട്ടാണ് രേഷ്മ ഈ ഉദ്യോഗം തിരഞ്ഞെടുത്തത്. ഫോറസ്ട്രിയില്‍ ബിരുദാനന്തരബിരുദം നേടി. ഗവേഷണം അവസാനഘട്ടത്തിലാണ്. പട്ടികജാതി/വർഗ വിഭാഗത്തിനുള്ള പ്രത്യേക വിജ്ഞാപനത്തിലൂടെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയെഴുതി. 2022 ജൂണ്‍ 23-ന് നിലവില്‍വന്ന പട്ടികയില്‍ രണ്ടാം റാങ്കോടെ ഇടംനേടി. ഈ തസ്തികയില്‍ രണ്ടൊഴിവാണുണ്ടായിരുന്നത്. പി.എസ്.സി.യുടെ നിയമന ശുപാർശ ലഭിച്ച്‌ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

ഇതിനിടെയാണ് സംഭവങ്ങളുടെ ഗതിമാറിയത്. തനിക്കാണ് രണ്ടാം റാങ്കിനു യോഗ്യതയെന്നുകാട്ടി പട്ടികയിലെ മൂന്നാംസ്ഥാനത്തുള്ള ഉദ്യോഗാർഥി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ കേസുകൊടുത്തു. വിധി എതിരായതിനാല്‍ രേഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അതു തള്ളിയപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചു.

ഇതിനിടെ പി.എസ്.സി. കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിനെതിരേ രേഷ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. രേഷ്മയുടെ പരിശീലനം തുടരാനും സർവീസില്‍ താത്കാലികമായി പ്രവേശിപ്പിക്കാനുമായിരുന്നു ഹൈക്കോടതി ഉത്തരവ്. അപ്പീല്‍ ഉള്ളതിനാല്‍ അന്തിമതീരുമാനം സുപ്രീംകോടതിയെടുക്കട്ടെയെന്നായി ഹൈക്കോടതി.

എന്നാല്‍, കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെന്നുകാട്ടി റാങ്കുപട്ടിക പി.എസ്.സി. പുനഃക്രമീകരിച്ചു. ഇതോടെ മൂന്നാം സ്ഥാനത്തുള്ള ഉദ്യോഗാർഥി രണ്ടാം സ്ഥാനത്തേക്കെത്തി. രേഷ്മയുടെ നിയമന ഉത്തരവും റദ്ദാക്കി. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ മാർക്ക് കണക്കുകൂട്ടിയതില്‍ പി.എസ്.സി.ക്കു വന്ന പിശകാണ് തനിക്കു ജോലിനഷ്ടപ്പെടാൻ ഇടയാക്കിയതെന്നു രേഷ്മ പറയുന്നു. സുപ്രീംകോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് രേഷ്മയും കുടുംബവും.

LEAVE A REPLY

Please enter your comment!
Please enter your name here