ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മുതിർന്ന ബിജെപി നേതാവ് ഹൃദയാഘാതം മൂലം മരിച്ചു. കർണാടകത്തിലെ ബിജെപി നേതാവായ എംബി ഭാനുപ്രകാശ് ആണ് മരിച്ചത്.
ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഭാനുപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു.
ശിവമോഗയിലെ സീനപ്പ സെട്ടി സർക്കിളിലായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ കാറിലേക്ക് കയറുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാനുപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു. ഭാനുപ്രകാശിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബിവൈ വിജയേന്ദ്ര പറഞ്ഞു.