ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ജോജു ജോർജിന് (Joju George) പരിക്ക്. നടന്റെ കാൽപാദത്തിന്റെ എല്ലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്.
മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ജോജുവിന്റ കാലിന് പരിക്കേൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി.
മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയം രവി, ദുൽഖർ സൽമാൻ, തൃഷ കൃഷ്ണൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട് എന്ന് വിവരം ഉണ്ടായിരുന്നെങ്കിലും, പിന്നീട് ദുൽഖറും ജയം രവിയും പിന്മാറിയിരുന്നു. ജോജു ജോർജ്ജ്, തമിഴ് നടൻ ഗൗതം കാർത്തിക് എന്നിവരും ചിത്രത്തിൽ അഭിനയിക്കുമെന്ന് ജനുവരി മാസത്തിൽ നിർമാതാക്കൾ അറിയിക്കുകയായിരുന്നു. കടൽ (2013) എന്ന ചിത്രത്തിന് ശേഷം കാർത്തിക് മണിരത്‌നവുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
വിക്രം (2022) എന്ന ചിത്രത്തിന് ശേഷം കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് തഗ് ലൈഫിൻ്റെ ഹൈപ്പ് ആരംഭിച്ചത്. നായകൻ (1987) എന്ന സിനിമയിലാണ് അവർ ഏറ്റവും ഒടുവിലായി ഒന്നിച്ചത്.
ജാപ്പനീസ് മാഫിയയുമായി ബന്ധമുള്ള വൃദ്ധനായ ഗുണ്ടാസംഘ തലവന്റെ വേഷം കമൽഹാസൻ അവതരിപ്പിക്കുന്നതായി സൂചന നൽകുന്ന ഒരു ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. കമൽഹാനും മണിരത്നവുമാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഇരുവരുടെയും നിർമാണ കമ്പനികളായ മദ്രാസ് ടാക്കീസ്, രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണൽ എന്നിവയ്‌ക്കൊപ്പം ഉദ്‌യനിധി സ്റ്റാലിൻ്റെ റെഡ് ജയൻ്റ് മൂവീസും ചേർന്നാണ് നിർമാണം.
വിരുമാണ്ടി (2004) എന്ന ചിത്രത്തിന് ശേഷം കമൽഹാസനുമായി വീണ്ടും ഒന്നിക്കുന്ന നാസറും അഭിരാമിയും ഈ ചിത്രത്തിൽ അഭിനയിക്കുമെന്നും പറയപ്പെടുന്നു. എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. രവി കെ. ചന്ദ്രനാണ് ഛായാഗ്രഹണം.