ടി20 ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി; ന്യൂസിലന്‍ഡിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍.

0
50

ഗയാന: ടി20 ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. കിരീടപ്രതീക്ഷയുടെ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാനാണ് ഇന്ന് ഞെട്ടിച്ചത്. 84 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് കിവീസിനെതിരെ അഫ്ഗാന്‍ അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സടിച്ചപ്പോള്‍ ന്യൂസിലൻഡ് 15.2 ഓവറില്‍ വെറും 75 റണ്‍സിന് ഓള്‍ ഔട്ടായി. 18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സും 12 റണ്‍സെടുത്ത മാറ്റ് ഹെന്‍റിയും മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. അഫ്ഗാനിസ്ഥാനുവേണ്ടി ഫസലുള്ള ഫാറൂഖിയും ക്യാപ്റ്റൻ റാഷിദ് ഖാനും നാലു വിക്കറ്റ് വീതം വീഴ്തത്തിയപ്പോള്‍ മുഹമ്മദ് നബി രണ്ട് വിക്കറ്റെടുത്തു. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 159-6, ന്യൂസിലന്‍ഡ് 15.2 ഓവറില്‍ 75ന് ഓള്‍ ഔട്ട്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനുവേണ്ടി ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സര്‍ദ്രാനും ചേര്‍ന്ന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി മികച്ച തുടക്കം നല്‍കി. പതിനഞ്ചാം ഓവറില്‍ സ്കോര്‍ 100 കടന്നതിന് ശേഷമാണ് അഫ്ഗാന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാന്‍ ന്യൂസിലന്‍ഡിനായത്. 41 പന്തില്‍ 44 റണ്‍സെടുത്ത ഇബ്രാഹിം സര്‍ദ്രാനെ പുറത്താക്കി മാറ്റ് ഹെന്‍റിയാണ് കിവീസിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാം നമ്പറില്‍ എത്തിയ അസ്മത്തുള്ള ഗുര്‍ബാസിന് മികച്ച പിന്തുണ നല്‍കി.

13 പന്തില്‍ 22 റണ്‍സെടുത്ത അസ്മതുള്ള പുറത്താശേഷം ക്രീസിലെത്തിയ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. മുഹമ്മദ് നബി(0), റാഷിദ് ഖാന്‍(6), കരീം ജന്നത്(1), ഗുല്‍ബാദിന്‍ നൈബ്(0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും ഗുര്‍ബാസ്(56 പന്തില്‍ 80) തകര്‍ത്തടിച്ചതോടെ അഫ്ദാന്‍ ഭേദപ്പെട്ട സ്കോറിലെത്തി.മറുപടി ബാറ്റിംഗില്‍ ആദ്യ പന്തില്‍ തന്നെ ന്യൂസിലന്‍‍ഡിന് ഓപ്പണര്‍ ഫിന്‍ അലനെ നഷ്ടമായി. ഡെവോണ്‍ കോണ്‍വെ(8), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(9), എന്നിവരും വീണതോടെ പവര്‍പ്ലേയില്‍ കിവീസ് 33-4ലേക്ക് കൂപ്പുകുത്തി.

പിന്നാലെ ഡാരില്‍ മിച്ചല്‍(5), മാര്‍ക്ക് ചാപ്മാന്‍(4), മൈക്കല്‍ ബ്രേസ്‌വെല്‍(0), മിച്ചല്‍ സാന്‍റ്നര്‍(4) എന്നിവരും പൊരുതാതെ മടങ്ങിയതോടെ കിവീസിന്‍റെ തകര്‍ച്ച വേഗത്തിലായി. 17 പന്തില്‍ 12 റണ്‍സെടുത്ത മാറ്റ് ഹെന്‍റിയും 18 പന്തില്‍ 18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സുമാണ് ന്യൂസിസലന്‍ഡിനെ 50 കടത്തിയത്. വമ്പന്‍ തോല്‍വി വഴങ്ങിയതോടെ വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്ഥാനും ഉഗാണ്ടയും പാപുവ ന്യൂഗിനിയയും ഉള്‍പ്പെട്ട സി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ന്യൂസിലന്‍ഡ്.

 

LEAVE A REPLY

Please enter your comment!
Please enter your name here