തോക്ക് കണ്ടെത്താന്‍ എഐ ക്യാമറകള്‍; സ്‌കൂളുകളിലെ വെടിവെപ്പ് സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ സംസ്ഥാനം.

0
44

കാൻസസ്: അമേരിക്കയില്‍ സ്‌കൂളുകളില്‍ വെടിവെപ്പ് നടന്നതായി നമ്മള്‍ നിരവധി വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. ഇനി ഇത്തരം ദാരുണ സംഭവങ്ങള്‍ക്ക് അറുതിവരുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയിലെ കാൻസസ് സംസ്ഥാനവും അവിടുത്തെ സ്‌കൂളുകളും. സ്കൂള്‍ പരിസരത്ത് തോക്കുമായി പ്രവേശിക്കുന്നവരെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ക്യാമറകള്‍ വഴി കണ്ടെത്താനുള്ള സംവിധാനം ഒരുക്കാനാണ് കാൻസസ് സംസ്ഥാനം പദ്ധതിയിടുന്നത്.

തേക്കുധാരികളെ കണ്ടെത്താന്‍ എഐ നിര്‍മിത ക്യാമറകളും വീഡിയോ പരിശോധന സംവിധാനവും സ്കൂളുകളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതിന് അനുമതി നല്‍കാന്‍ നിയമനിര്‍മാണം നടത്താനുള്ള ശ്രമങ്ങളാണ് യുഎസിലെ കാൻസസ് സംസ്ഥാനത്ത് നടക്കുന്നത്. സ്‌കൂളുകളില്‍ വെടിവെപ്പ് നടന്ന സംഭവങ്ങള്‍ 2021ലും 2022ലും 2023ലും വര്‍ധിച്ചതോടെയാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ എഐ സാങ്കേതിക വിദ്യയുടെ സഹായം തേടാന്‍ പ്രേരിപ്പിക്കുന്നത്. യുഎസില്‍ 2023ല്‍ മാത്രം 82 വെടിവെപ്പ് സംഭവങ്ങള്‍ സ്‌കൂളുകളിലുണ്ടായപ്പോള്‍ 46 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത് എന്നാണ് അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്നിന്‍റെ വാര്‍ത്ത.

സുരക്ഷ കൂട്ടാന്‍ എഐ സംവിധാനം സ്ഥാപിക്കുന്നതിനായി സ്‌കൂളുകള്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ വരെ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം കാൻസസിലെ ഭരണകൂടം ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ഗവര്‍ണര്‍ ലോറ കെല്ലിയുടെ അന്തിമ അനുമതി ഇതുവരെയായിട്ടില്ല. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്‌കൂളുകള്‍ക്കാണ് സഹായം നല്‍കാന്‍ ആലോചിക്കുന്നത്.

മുന്‍ മിലിറ്ററി ഉദ്യോഗസ്ഥരുടെ സംരഭമായ ‘സീറോഐസ്’ ആണ് ഇത്തരം എഐ ക്യാമറകളും പരിശോധന സംവിധാനവും രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫ്ലോറിഡയിലെ മാർജോറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പിനെ തുടര്‍ന്നാണ് ഇത്തരമൊരു സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനെ കുറിച്ച് കമ്പനി ആലോചിച്ചത്. അമേരിക്കന്‍ സംസ്ഥാനങ്ങളായ മിഷിഗണിലും യൂറ്റായിലും സീറോഐസിന്‍റെ ആയുധ നിരീക്ഷണ സംവിധാനം ഉപയോഗിക്കുന്നുണ്ട്. യുഎസിലെ മറ്റ് നിരവധി സംസ്ഥാനങ്ങളും ഇതേ പാതയില്‍ സ്‌കൂളുകളില്‍ സുരക്ഷയൊരുക്കാനുള്ള നിയമനിര്‍മാണം ആലോചിക്കുകയാണ്. സ്‌കൂളുകള്‍ക്ക് സീറോഐസിന്‍റെ എഐ സാങ്കേതികവിദ്യ വാങ്ങാന്‍ മിസോറി സംസ്ഥാനം ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച 2.5 മില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here