ദില്ലി : ഇന്ത്യ സഖ്യം മുസ്ലിം വിഭാഗങ്ങൾക്ക് പിന്നാക്ക സംവരണം നല്കുമെന്ന വാദം ശക്തമാക്കാനായി ബിഹാര്‍ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ പ്രസ്താവന ആയുധമാക്കി നരേന്ദ്ര മോദി. മുസ്ലീം വിഭാഗത്തിന് പൂർണ്ണ സംവരണം വേണമെന്ന ലാലുവിന്റെ പ്രസ്താവനയാണ് മോദി മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് റാലികളിൽ ആയുധമാക്കിയത്. വിവാദത്തെ തുടർന്ന് ലാലുപ്രസാദ് യാദവ് തന്റെ പ്രസ്താവന തിരുത്തി.
മൂന്നാം ഘട്ട പോളിംഗ് ദിനത്തിൽ രാവിലെ നല്കിയ പ്രതികരണത്തിലാണ് മുസ്ലീം സംവരണത്തിനായി ലാലുപ്രസാദ് യാദവ് വാദിച്ചത്. പൂർണ്ണ സംവരണമെന്നത് എന്താണെന്ന് ലാലുപ്രസാദ് വിശദീകരിച്ചില്ല. എന്നാൽ 27 ശതമാനം പിന്നാക്ക ക്വാട്ട കുറച്ച് മുസ്ലിംങ്ങൾക്ക് പ്രത്യേക സംവരണമാണ് ഇന്ത്യ സഖ്യം നല്കാൻ പോകുന്നതെന്ന് മോദി പിന്നീട് മധ്യപ്രദേശിലെ റാലിയിൽ ആരോപിച്ചു. ഇന്ത്യ മുന്നണിയുടെ കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായ നേതാവ് മുസ്ലീങ്ങൾക്ക് പൂര്‍ണ സംവരണം നൽകുമെന്ന് ഇന്ന് പറഞ്ഞുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന ജാതി സെൻസസ് മുസ്ലിംങ്ങളെ സഹായാക്കാനാണെന്ന് വരുത്തി തീർക്കാൻ മോദി പ്രസ്താവന ആയുധമാക്കിയതോടെ ലാലു നിലപാട് തിരുത്തി. സംവരണം മതം അടിസ്ഥാനത്തിലല്ലെന്നായിരുന്നു വിശദീകരണം. സാമൂഹികപരമായാണ് സംവരണം. മതപരമായല്ല. ഭരണഘടന അവലോകന കമ്മീഷനെ വച്ചത് അടൽ ബിഹാരി വാജ്പേയിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.