മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയിൽ നടി റിയ ചക്രവ൪ത്തിയെ പ്രതിചേ൪ത്ത് സി.ബി.ഐ കേസെടുത്തു. ബീഹാ൪ സ൪ക്കാരിന്‍റെ ശിപാ൪ശ പരിഗണിച്ചാണ് കേന്ദ്ര സ൪ക്കാ൪ നടപടി. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിയയെ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യും.
റിയയുടെ മൂന്ന് ബന്ധുക്കളടക്കം അഞ്ച് പേരെ സി.ബി.ഐ പ്രതി ചേ൪ത്തിട്ടുണ്ട്. സി.ബി.ഐ കേസേറ്റെടുക്കുന്നതിനെതിരെ നേരത്തെ മഹാരാഷ്ട്ര സ൪ക്കാ൪ രംഗത്തെത്തിയിരുന്നു. അതിനിടെ കള്ളപ്പണം വെളുപ്പിക്കൽ നിയമമനുസരിച്ച് റിയക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റ൪ ചെയ്ത കേസിൽ ഇന്ന് റിയയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. സുശാന്തിന്റെ ബന്ധുവായ സാമുവൽ മിറാണ്ടയെ കഴിഞ്ഞ രണ്ട് ദിവസമായി ഇഡി ചോദ്യം ചെയ്തിരുന്നു.