‘മള്‍ട്ടി വൈറ്റമിന്‍ ഡെഫിഷ്യന്‍സി എന്നൊന്നില്ല’; അത്തരത്തിൽ പരസ്യം ചെയ്യുന്നത് ദോഷമെന്ന് പത്മശ്രീ ജേതാവ് ഡോ. വി. മോഹന്‍.

0
35

മള്‍ട്ടി വൈറ്റമിന്‍ മരുന്ന് ബ്രാന്‍ഡായ സെന്‍ഡ്രത്തിനെതിരെ പത്മശ്രീ ജേതാവും പ്രമേഹ രോഗ വിദഗ്ധനുമായ ഡോ. വി മോഹന്‍. സെന്‍ഡ്രം പുറത്തിറക്കിയ ഒരു പരസ്യത്തിനെതിരെയാണ് ഇദ്ദേഹം രംഗത്തെത്തിയത്. മള്‍ട്ടി വൈറ്റമിനെപ്പറ്റി സെന്‍ഡ്രം പുറത്തിറക്കിയ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സമൂഹത്തില്‍ വലിയ ദോഷമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്‍ഡ്രത്തിന്റെ ഒരു പത്രപരസ്യത്തിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

“മള്‍ട്ടി വൈറ്റമിന്‍ ഡെഫിഷ്യന്‍സി എന്നൊന്നില്ല. വിറ്റാമിന്‍ ഡിയുടെ കുറവ്, ബി 12 ന്റെ കുറവ് എന്നിങ്ങനെയുള്ളവ ഉണ്ട്. മള്‍ട്ടി വൈറ്റമിനുകള്‍ കഴിക്കുന്നത് ഗുണത്തെക്കാളുപരി ദോഷം ചെയ്‌തേക്കാം. ശരീരത്തിന് കുറവുള്ള വിറ്റാമിനുകളെ പ്രദാനം ചെയ്യാന്‍ ഒരുപക്ഷെ മള്‍ട്ടി വൈറ്റമിനുകള്‍ക്ക് സാധിച്ചേക്കില്ല,’’ എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

മള്‍ട്ടി വൈറ്റമിന്‍ ഡെഫിഷ്യൻസി എന്നതിലൂടെ ചിലപ്പോള്‍ വ്യക്തിയ്ക്ക് വിറ്റാമിന്‍ ഡി 3, ബി 12 എന്നിവയുടെ കുറവായിരിക്കാം അര്‍ത്ഥമാക്കുന്നതെന്ന് ഒരാള്‍ കമന്റ് ചെയ്തിരുന്നു. ഇതിന് ഡോ. മോഹന്‍ മറുപടി നല്‍കുകയും ചെയ്തു.

“അങ്ങനെയുള്ള സാഹചര്യത്തില്‍ ശരീരത്തില്‍ കുറവുള്ള വിറ്റാമിന്‍ ധാരാളമായി വേണ്ടിവരും. അത്രയും അളവ് വൈറ്റമിന്‍ ഒരുപക്ഷെ മള്‍ട്ടി വൈറ്റമിന്‍ ഗുളികകളില്‍ നിന്ന് ലഭ്യമാകണമെന്നില്ല. അപാര്യപ്തമായ വൈറ്റമിനാണ് അധികമായി നല്‍കേണ്ടത്. എല്ലാ വൈറ്റമിനും, ധാതുക്കളും സ്ഥിരമായി കഴിക്കുന്നത് ദോഷം ചെയ്യും,” എന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര തലത്തില്‍ പ്രശസ്തനായ പ്രമേഹരോഗ വിദഗ്ധന്‍ ഡോ കെ.വി. ബാബുവിനെയും പോസ്റ്റില്‍ ഇദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഡോക്ടറായ കെ.വി. ബാബു പൊതുജനാരോഗ്യവുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവരാവകാശ നിയമ പ്രകാരമുള്ള വിവരം ഉപയോഗിച്ച് പരാതികള്‍ ഉന്നയിക്കുന്നയാളു കൂടിയാണ്. പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ രംഗത്തെത്തിയ ആളുകൂടിയാണ് ഇദ്ദേഹം. മള്‍ട്ടിവൈറ്റമിന്‍ വിഷയത്തില്‍ ഇദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യക്കാരില്‍ പത്തിലെട്ട് പേര്‍ക്ക് മള്‍ട്ടി വൈറ്റമിന്‍ ഡെഫിഷ്യന്‍സിയുണ്ടെന്നാണ് സെന്‍ഡ്രത്തിന്റെ പരസ്യത്തില്‍ അവകാശപ്പെടുന്നത്. ആഹാരത്തിനൊപ്പം എല്ലാവരും മള്‍ട്ടി വിറ്റാമിൻ ഗുളികകൾ കഴിക്കണമെന്നും പരസ്യത്തില്‍ അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here