തെലുങ്ക് സിനിമയിലെ മുതിർന്ന നടൻ മല്ലമ്പള്ളി ചന്ദ്രമോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഇന്ന് രാവിലെ 9.45ന് ജൂബിലി ഹിൽസിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു ചന്ദ്രമോഹൻ. സംസ്‌കാര ചടങ്ങുകൾ നവംബർ 13-ന് തിങ്കളാഴ്ച നടക്കും. 1966ൽ രംഗുല രത്‌നം എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ഇദ്ദേഹം 600ന് മുകളിൽ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
മുതിർന്ന ചലച്ചിത്രകാരൻ കെ വിശ്വനാഥിന്റെ ബന്ധുവാണ് ചന്ദ്രമോഹൻ. ഇദ്ദേഹത്തിന്റെ വിയോഗത്തിൽ ടോളിവുഡിലെ പ്രമുഖർ നേരിട്ടും സോഷ്യൽ മീഡിയ വഴിയും ആദരാഞ്ജലി അർപ്പിക്കുന്നുണ്ട്. ചന്ദ്രമോഹന് ഭാര്യ ജലന്ധരയും രണ്ട് പെൺമക്കളുമുണ്ട്. 1943 മെയ് 23 ന് ജനിച്ച ചന്ദ്രമോഹന്റെ യഥാർത്ഥ പേര് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ജനനം. ‘പടഹരല്ല വയസു’ എന്ന ചിത്രത്തിലെ അഭിനയത്തിന് ചന്ദ്ര മോഹൻ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് (1979) നേടി. ഓക്സിജനാണ് ചന്ദ്രമോഹൻറെ അവസാന ചിത്രം.