ഭിന്നശേഷിക്കാരായ ആരാധകർക്കൊപ്പം ‘ജയ് ഗണേഷ്’ കാണാനെത്തി നടൻ ഉണ്ണി മുകുന്ദൻ. കൊച്ചി ലുലു മാളിലെ സ്‌ക്രീനിലായിരുന്നു വ്യത്യസ്തത പുലർത്തിയ ഈ സ്ക്രീനിംഗ്. കൊച്ചിയിലെ റോട്ടറി ക്ലബിന്റെ നേതൃത്വത്തിലാണ് പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിച്ചത്. അപകടത്തിൽ ശരീരത്തിന്റെ ചലനാത്മക നഷ്‌ടമായി, വീൽ ചെയറിന്റെ സഹായത്തോടെ സ്വപ്‌നങ്ങൾ കയ്യെത്തിപ്പിടിക്കുന്ന യുവാവിന്റെ കഥയാണ് ഉണ്ണി മുകുന്ദൻ തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം. സിനിമ കാണാനെത്തിയതിന്റെ ദൃശ്യം ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാം.
ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ജയ് ഗണേഷ്’. ഈ വിഷു ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.
ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.