IPL 2024 : സൺ റൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം.

0
71

ഐപിഎല്ലിൽ അവസാന ഓവർ വരെ ത്രില്ലർ നീണ്ട മത്സരത്തിന് ഒടുവിൽ പഞ്ചാബ് കിംഗ്‌സിനെ രണ്ട് റൺസിന്‌ തകർത്ത് സൺ റൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. രണ്ടാം ഇന്നിംഗ്‌സിൽ ഭേദപ്പെട്ട സ്‌കോർ പിന്തുടർന്ന് ഇറങ്ങിയ പഞ്ചാബിന് പക്ഷേ കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല. ജയിക്കാൻ 183 റൺസ് വേണ്ട പഞ്ചാബ് ബാറ്റർമാർക്ക് ലക്ഷ്യം മറികടക്കാൻ താൽപര്യമില്ലാത്തത് പോലെയാണ് തോന്നിയത്.

നായകൻ ശിഖർ ധവാൻ തന്നെ പതിഞ്ഞ തുടക്കമാണ് ടീമിന് നൽകിയത്. മത്സരത്തിൽ മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കാൻ പഞ്ചാബ് ബാറ്റർമാർക്ക് കഴിഞ്ഞില്ല. ഇതോടെ ഹൈദരാബാദ് ബൗളർമാർ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ഇംഗ്ലീഷ് ഓപ്പണർ ജോണി ബയർസ്‌റ്റോ സംപൂജ്യനായാണ് മടങ്ങിയത്.

എന്നാൽ ഓൾറൗണ്ടർ സാം കറൻ പൊരുതി നോക്കിയിരുന്നു. 22 പന്തിൽ 29 റൺസാണ് താരം നേടിയത്. സിക്കന്ദർ റാസയും മികച്ച പ്രകടനമാണ് നടത്തിയത്. താരം 22 പന്തിൽ 28 റൺസ് നേടി. തുടർന്ന് ക്രീസിലെത്തിയ കഴിഞ്ഞ കളിയിലെ വിജയശിൽപി ശശാങ്ക് സിംഗ് ഒരിക്കൽ കൂടി തന്റെ പോരാട്ടവീര്യം പുറത്തെടുത്തു. അവസാന നിമിഷം വരെ ശശാങ്ക് ജയത്തിനായി പൊരുതി നോക്കി.

ജിതേഷ് ശർമ്മയും മോശമല്ലാത്ത പിന്തുണ നൽകി. ജിതേഷ് ശർമ്മ പുറത്തായ സെഷൻ ക്രീസിലെത്തിയ അശുതോഷ്‌ ശർമ്മയും ശശങ്കും ചേർന്നതോടെയാണ് ടീമിന് ജയ പ്രതീക്ഷ ഉയർന്നത്. അവസാന ഓവറുകളിൽ ഇരുവരും ഹൈദരാബാദ് ബൗളർമാരെ ശരിക്കും വെള്ളംകുടിപ്പിച്ചു.

ശശാങ്ക് 25 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്നു. അശുതോഷ് ശർമ്മയും പുറത്താകാതെ 15 പന്തിൽ 33 റൺസാണ് എടുത്തത്.മധ്യ ഓവറുകളിൽ സ്‌കോർ ഇഴഞ്ഞുനീങ്ങിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here