കൊല്‍ക്കത്ത ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് 166 റണ്‍സിന് എല്ലാവരും പുറത്തായി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് വൈഭവ് അരോറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹിക്ക് ഒരു ഘട്ടത്തിലും കൊല്‍ക്കത്തക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല.
വെറും 33 റണ്‍സിന് ടോപ് ഓര്‍ഡറിലെ നാല് ബാറ്റ്‌സ്മാന്‍മാരാണ് കൂടാരം കയറിയത്. ഡേവിഡ് വാര്‍ണര്‍ (18), പൃഥ്വി ഷാ (10), മിച്ചല്‍ മാര്‍ഷ് (0), അഭിഷേക് പോറല്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റിഷഭ് പന്തും (55) ട്രിസ്റ്റന്‍ സ്റ്റബ്‌സും (54) പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ഇരുവരും പുറത്തായ ശേഷം എത്തിയവര്‍ വേഗം കൂടാരം കയറി.നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അര്‍ധ സെഞ്ച്വറി നേടിയ സുനില്‍ നരെയ്ന്റേയും അംഗ്രിഷ് രഘുവംശിയുടേയും വെടിക്കെട്ട് ബാറ്റിംഗാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
അവസാന ഓവറുകളില്‍ ആന്ദ്രെ റസലും റിങ്കു സിംഗും കത്തിക്കയറിയതോടെ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് അടിച്ചെടുത്തത്.ഒന്നാം വിക്കറ്റില്‍ ഫില്‍ സാള്‍ട്ടുമൊത്ത് 4.3 ഓവറില്‍ 60 റണ്‍സാണ് നരെയ്ന്‍ അടിച്ചെടുത്തത്. 18 റണ്‍സെടുത്ത സാള്‍ട്ട് പുറത്തായതിന് പിന്നാലെ എത്തിയ രഘുവംശി, നരെയ്ന് പറ്റിയ കൂട്ടാളിയായി. ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 104 റണ്‍സാണ് അടിച്ചെടുത്തത്. സുനില്‍ നരെയ്ന്‍ 39 പന്തില്‍ ഏഴ് വീതം സിക്സും ഫോറും അടക്കം 85 റണ്‍സെടുത്തു. രഘുവംശി 27 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 54 റണ്‍സെടുത്ത് പുറത്തായി.