ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധനവ്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. തെരഞ്ഞെടുപ്പുകളിൽ ഏറെ നിർണായകമായി വിലയിരുത്തപ്പെടുന്നത് യുവവോട്ടർമാരുടെ മനസ്സാണ്.
ഇത് എങ്ങോട്ട് തിരിയുമെന്നത് ജയപരാജയങ്ങളെ സ്വാധീനിക്കുമെന്നതിനാൽ യുവവോട്ടർമാരെ കൂടെ നിർത്താനാകും സ്ഥാനാർഥികൾ ശ്രമിക്കുക.ഒക്ടോബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഇത് 2,88,533 ആയി.
മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. 18നും 19നും ഇടയിൽ പ്രായമുള്ള സമ്മതിദായകരെയാണ് യുവവോട്ടർമാരായി കണക്കാക്കുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നിവോട്ടർമാർ കൂടിയാണ് ഈ 3,88,981 പേർ.
ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർധനവ് ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്. ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയി. പുതിയ കണക്ക് പ്രകാരം ഭിന്നലിംഗക്കാരായ 338 പേർ പട്ടികയിൽ ഉണ്ട്.