ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഷാഫി പറമ്പിലിനെ ബിജെപി സഹായിക്കുമെന്ന് മന്ത്രി എം ബി രാജേഷ് . വടകരയിൽ യുഡിഎഫിനെ സഹായിക്കുന്ന ബിജെപിക്ക് പാലക്കാട് സഹായം തിരിച്ചുനൽകും. ബിജെപിക്ക് ഒരു സാധ്യതയുമില്ലാത്ത മണ്ഡലത്തിൽ ജനപ്രതിനിധികളാണ് എൽഡിഎഫിൽ നിന്ന് മത്സരിക്കുന്നത്. ബിജെപിയെ സഹായിക്കാനാണ് കോൺഗ്രസ് ഇത്തവണ ശ്രമിക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
വടകരക്ക് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു സവിശേഷ സ്ഥാനമുണ്ട്. കോ ലീ ബി സഖ്യത്തിന്റെ പരീക്ഷണശാലയായിരുന്നു വടകരയും ബേപ്പൂരും. തൊണ്ണൂറ്റിഒന്നിലെ തെരഞ്ഞെടുപ്പിലാണ് വടകര പാർലമെന്റ് മണ്ഡലത്തിൽ കോ ലീ ബി സഖ്യത്തിന്റെ പൊതു സ്വതന്ത്ര സ്ഥാനാർഥിയായി അഡ്വ. രത്‌നസിങ് എൽ ഡി എഫ് സ്ഥാനാർഥി കെ പി ഉണ്ണികൃഷ്ണനെതിരെയും ബേപ്പൂരിൽ ഡോ. മാധവൻകുട്ടി സഖാവ് ടി കെ ഹംസക്കെതിരെയും മത്സരിച്ചത്. പരസ്യ സഖ്യം ജനങ്ങൾക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല.
ജനിച്ച ശേഷം ചോറൂണ് മുതൽ ഇന്നേവരെ കോൺഗ്രസ് ചെലവിൽ ഉണ്ടു വളർന്ന ആന്റണി -കരുണാകരൻമാരുടെ മക്കൾക്ക് ഒരു മന:സാക്ഷിക്കുത്തുമില്ലാതെ ബി ജെ പി യിലേക്ക് പോകാമെങ്കിൽ കെ സി വേണുഗോപാലിനും കെ സുധാകരനും വി ഡി സതീശനുമൊക്കെ പോകാൻ തടസമുണ്ടാകുമോ?
ശാഖക്ക് കാവൽ നിന്നത് അഭിമാനമായും എനിക്ക് തോന്നിയാൽ ബി ജെ പി യിലേക്ക് പോകുമെന്ന് പ്രഖ്യാപിക്കുന്നത് ധീരതയാണെന്ന് കരുതുകയും ചെയ്യുന്ന സുധാകരനും, ഗോൾവാൾക്കാർ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി കൂപ്പുകൈകളുമായി നിന്ന വി ഡി സതീശനും പോവില്ലെന്ന് എന്താണുറപ്പ്? കെ സി വേണുഗോപാൽ കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിൽ എത്തിയ ശേഷമാണ് ഒരു ഡസനിലേറെ മുൻ മുഖ്യമന്ത്രിമാരും നിരവധി കേന്ദ്ര മന്ത്രിമാരും എം പി മാരുമുൾപ്പെടെ ഏറ്റവും കൂടുതൽ കോൺഗ്രസ്സ് നേതാക്കളെ ബി ജെ പി യിലേക്ക് എത്തിച്ചത്.
വടകര-ആലപ്പുഴ പാക്കേജ് കേരള രാഷ്ട്രീയത്തിൽ അങ്ങേയറ്റം ആപൽക്കരമായൊരു പുതിയ വഴിത്തിരിവ് സൃഷ്ടിക്കാൻ ലക്ഷ്യം വച്ചുള്ളതാണ്. ആ ചതിക്കുഴി കോൺഗ്രസസിനകത്തും ലീഗിലുമുള്ള മത നിരപേക്ഷ വാദികൾ തിരിച്ചറിഞ്ഞാൽ നല്ലത്.ജനങ്ങൾ എന്തായാലും ഇത്തവണ തിരിച്ചറിയും 91 ലെ വടകര -ബേപ്പൂർ മോഡലിനുണ്ടായ അതേ അനുഭവം ആയിരിക്കും ഈ വടകര -ആലപ്പുഴ പാക്കേജിനുമുണ്ടാവുകയെന്നും എം ബി രാജേഷ് പറയുന്നു.