പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് പിന്നിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഇടപെടലെന്ന് കെ.മുരളീധരൻ. തങ്ങളുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ബെഹ്റയെന്നും കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കാലം തൊട്ടുള്ള ബന്ധമാണിതെന്നും മുരളീധരൻ വ്യക്തമാക്കി. ആ ബന്ധം ഉപയോഗിച്ചാണ് പത്മജയെ ബിജെപി പാളയത്തിലേക്ക് എത്തിക്കുന്നതിൽ ബെഹ്റ ചരടുവലിച്ചതെന്നും മുരളീധരൻ പറഞ്ഞു.
പത്മജയെ തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചതിലൂടെ തന്നോടുള്ള പകയാണ് ബിജെപി വീട്ടാൻ ശ്രമിച്ചതെന്നും മുരളീധരൻ പറഞ്ഞു. നേമത്തെ സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടത് താൻ അവിടെ മത്സരിക്കാനെത്തിയതുകൊണ്ടാണ് എന്നുള്ളതാണ് ബിജെപിക്ക് തന്നോടുള്ള പക. അതേ സമയം തൃശ്ശൂരിൽ പത്മജ ബിജെപിക്കായി പ്രചരണത്തിനിറങ്ങുകയാണെങ്കിൽ കോൺഗ്രസിന്റെ വിജയം കൂടുതൽ എളുപ്പമാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
വടകര വിട്ട് തൃശ്ശൂരിലേക്ക് മത്സരിക്കനെത്തുന്ന കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കമാകും. തൃശ്ശൂരിലെത്തുന്ന മുരളീധരന് ഡിസിസി സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം റോഡ് ഷോ നടത്തിക്കൊണ്ടാവും മണ്ഡലത്തിലെ പ്രചരണത്തിന് കെ.മുരളീധരൻ തുടക്കം കുറിക്കുക.