മാര്‍ച്ചില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഇനിയും വില കൂടുമ്പോള്‍ റെക്കോര്‍ഡുകള്‍ തിരുത്തപ്പെടും. ഈ മാസം ഒന്നിന് പവന്‍ വില 46320 രൂപയായിരുന്നു. തൊട്ടടുത്ത ദിവസം 47000ത്തിലേക്ക് കുതിച്ചു. നാലാം ദിവസം 47560 രൂപയിലേക്കും. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്മാറും.
ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത് 47760 രൂപയാണ്. 200 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5970 രൂപയിലെത്തി. ചെറിയ ആഘോഷങ്ങള്‍ക്ക് കുറഞ്ഞ അളവിലുള്ള സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പോലും പിന്മാറാനാണ് സാധ്യത. ഇത്രയും വില കൂടിയ സാഹചര്യത്തില്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങുന്ന രീതിയിലേക്ക് ഉപഭോക്താക്കള്‍ മാറുമെന്ന് ജ്വല്ലറി വ്യാപാരികള്‍ കരുതുന്നു.