സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആദ്യ പരാജയം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ അസമിനോടാണ് കേരളം പരാജയപ്പെട്ടത്. വിക്കറ്റിനായിരുന്നു അസമിൻ്റെ ജയം. ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങിയ ക്യാപ്റ്റൻ റിയൻ പരാഗാണ് അസമിന് വിജയം സമ്മാനിച്ചത്. ബൗളിംഗിൽ ഒരു വിക്കറ്റ് വീഴ്ത്തിയ പരാഗ് ബാറ്റിംഗിൽ 33 പന്തിൽ 57 റൺസ് നേടി പുറത്താവാതെ നിന്നു. കേരളത്തിനായി ജലജ് സക്സേന 4 ഓവറിൽ 9 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.
128 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അസമിനെ ആദ്യ ഓവറുകളിൽ കേരള ബൗളർമാർ ചേർന്ന് പിടിച്ചുനിർത്തി. ഡെനിഷ് ദാസിനെ (6) മടക്കി ജലജ് സക്സേന വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടപ്പോൾ മറുവശത്ത് മറ്റ് ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞു. ഇതോടെ അസം ബാറ്റർമാർ റിസ്കെടുക്കാൻ തുടങ്ങി. ഇത് വിക്കറ്റ് വീഴ്ചയിലേക്ക് നയിച്ചു. എസ് സി ചഡിഗോയങ്കർ (21 പന്തിൽ 14) ശ്രേയാസ് ഗോപാലിനു മുന്നിൽ വീണപ്പോൾ പ്രദ്യുൻ സൈകിയയെ (22 പന്തിൽ 21) സിജോമോൻ ജോസഫ് മടക്കി. ആദ്യ 10 ഓവറിൽ 50 റൺസ് മാത്രമുണ്ടായിരുന്ന അസം രണ്ടാം പകുതിയിൽ കളി പിടിച്ചു. ടൂർണമെൻ്റിൽ തകർപ്പൻ ഫോമിലുള്ള റിയൻ പരാഗാണ് അസമിൻ്റെ രക്ഷക്കെത്തിയത്.
സിബ്സാഗർ റോയിയെ (16) ബേസിൽ തമ്പിയും ഇംപാക്ട് പ്ലയറായെത്തിയ വിശാൽ റോയിയെ (2) ജലക് സക്സേനയും പല്ലവ് കുമാർ ദാസിനെ (1) സിജോമോനും വീഴ്ത്തിയെങ്കിലും പരാഗ് ഉറച്ചുനിന്നു. ഇതിനിടെ ആകാശ് സെൻഗുപ്ത (0) റണ്ണൗട്ടായി മടങ്ങി. സൗരവ് ഡേ (2) വിനോദ് കുമാറിനു മുന്നിൽ വീണതോടെ അസം 8 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. അപ്പോഴും പരാഗ് ക്രീസിൽ തുടർന്നു. ശ്രേയാസ് ഗോപാൽ എറിഞ്ഞ 19ആം ഓവറിൽ 3 സിക്സർ അടക്കം 22 റൺസ് അടിച്ചുകൂട്ടിയ താരം ഇതിനിടെ 28 പന്തിൽ ഫിഫ്റ്റി തികച്ചു. വിനോദ് കുമാർ എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിൽ സിക്സർ നേടി താരം അസമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. 33 പന്തിൽ 57 റൺസ് നേടിയ പരാഗ് 6 തവണയാണ് പന്ത് നിലം തൊടാതെ അതിർത്തികടത്തിയത്.
പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിൽ ഒന്നാമതെത്തിയ കേരളം നോക്കൗട്ടിൽ കടന്നു.