റിയാദ്: റംസാന്‍ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ തരത്തിലുള്ള നിർദേശങ്ങളാണ് സൗദി അറേബ്യന്‍ ഭരണകൂടം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനമാണ് കിരീടവകാശിയും രാജകുമാരനുമായ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. അതായത് റംസാന്‍ മാസത്തില്‍ സൗദി അറേബ്യയിലെ പള്ളികളില്‍ ഇഫ്താറുകള്‍ നിരോധിച്ചിരിക്കുന്നു.
മാർച്ച് 11 ന് ആരംഭിക്കുന്ന റംസാന്‍ മാസം ഏപ്രില്‍ 9 ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസം കാണുന്നതിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടും. സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ മന്ത്രാലയമാണ് റമദാൻ മാസത്തിൽ പള്ളി ജീവനക്കാർ പാലിക്കേണ്ട ഒരു കൂട്ടം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നതിന് സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നതിൽ നിന്ന് ഇമാമുമാർക്കും മുഅജിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് മന്ത്രാലയം ഉത്തരവുകൾ പുറപ്പെടുവിക്കുന്നു.
ശുചിത്വവുമായി ബന്ധപ്പെട്ട ആശങ്ക മുന്‍ നിർത്തിയാണ് മന്ത്രാലയം പള്ളികളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്ന് നടത്തുമ്പോൾ ശുചിത്വം ലംഘിക്കുന്നതിനെക്കുറിച്ചുള്ള പ്രശ്നങ്ങൾ ഉന്നയിച്ച നോട്ടീസിൽ, പള്ളികളുടെ മുറ്റത്തോ, പ്രത്യേകം തയ്യാറാക്കിയ മറ്റ് സ്ഥലങ്ങളിലോ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഇമാമിനോടും മുഅസ്സിനോടും നിർദേശിക്കുകയും നോമ്പുതുറ അവസാനിച്ച ഉടൻ തന്നെ ശുചിത്വം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അവരോട് ഏറ്റെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
“ശുചിത്വത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഇഫ്താർ പരിപാടികള്‍ പള്ളികൾക്കുള്ളിൽ നടത്തരുത്, അതിനാൽ താൽക്കാലിക മുറികളോ ടെൻ്റുകളോ മറ്റും ഉപയോഗിക്കാതെ പള്ളികളുടെ മുറ്റത്ത് ഉചിതമായ സ്ഥലം ഒരുക്കി ഇഫ്താർ നടത്തണം. ഇമാമിൻ്റെയും മുഅസ്സിൻ്റെയും ഉത്തരവാദിത്തത്തിലായിരിക്കണം ഇത്. നോമ്പ് തുറക്കുന്നയാളുടെ കടമയോടെ ഭക്ഷണം കഴിച്ച് ഉടൻ തന്നെ സ്ഥലം വൃത്തിയാക്കുക.” മന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.
പള്ളി പരിസരത്ത് ക്യാമറകൾ ഉപയോഗിക്കുന്നതും മന്ത്രാലയം നിരുത്സാഹപ്പെടുത്തുന്നു. ഇമാമിൻ്റെയും മറ്റുള്ളവരുടേയും നമസ്കാരം റെക്കോർഡുചെയ്യാൻ അവ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ഇത് വിശ്വാസികളുടെ ബഹുമാനത്തെ ദുർബലപ്പെടുത്തുന്നു. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രാർത്ഥനകൾ സംപ്രേക്ഷണം ചെയ്യരുതെന്നും മന്ത്രാലയം ഉത്തരവിറക്കി. അതിനാൽ, പ്രാർത്ഥന സമയങ്ങളിൽ മസ്ജിദ് പരിസരത്ത് ക്യാമറകൾ അനുവദിക്കില്ല, കൂടാതെ സന്ദർശകരോട് ചിത്രീകരണം ഒഴിവാക്കാനും ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, ഈ നിർണായക കാലയളവിൽ ലീവ് എടുക്കാതിരിക്കാനും സമയനിഷ്ഠ പാലിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.