പ്രമുഖ ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് സ്ഥാപനമായ ബര്‍ഗര്‍ സിംഗിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹാക്കിങ് സംഘമായ ടീം ഇന്‍സെയ്ന്‍ പികെ. ഇക്കാര്യം ബര്‍ഗര്‍ സിംഗ് സമൂഹ മാധ്യമായ എക്‌സിലൂടെയാണ് ഉപഭോക്താക്കളെ അറിയിച്ചത്. സംഭവത്തോട് സരസമായ രീതിയിൽ പ്രതികരിച്ച സ്ഥാപനം സുരക്ഷാ ലംഘനം ഉടനടി പരിഹരിക്കില്ലെന്നും അറിയിച്ചു.
നേരത്തെ ഡല്‍ഹി, മുംബൈ പോലീസിന്റെ വൈബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടുള്ള സംഘമാണ് തങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് ബര്‍ഗര്‍ സിംഗ് അറിയിച്ചു. ഇത്തവണ തങ്ങളുടെ എളിയ സ്ഥാപനത്തിലാണ് അവർ താത്പര്യം പ്രകടിപ്പിച്ചതെന്നും പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ കൊടുത്ത ഗ്രാഫിറ്റി ഒരു ദിവസത്തേക്ക് നിലനിര്‍ത്താനാണ് തീരുമാനമെന്നും ബര്‍ഗര്‍ സിംഗ് അറിയിച്ചു. ഇപ്പോഴുണ്ടായിരിക്കുന്ന ഡിജിറ്റല്‍ പ്രതിസന്ധി താത്കാലികമായിരിക്കുമെന്ന് അവര്‍ ഉപഭോക്താക്കളെ അറിയിച്ചു. എന്നാല്‍, ഉടനടി പ്രശ്‌നം പരിഹരിക്കുന്നതിന് പകരം അടുത്ത നൂതനമായ ആശയം വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. സരസമായ ശൈലിയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
സുരക്ഷാ പരിശോധനകള്‍ നടത്തുന്നതിന് സൗജന്യ സഹായം നല്‍കാമെന്ന് ബര്‍ഗര്‍ സിംഗിന്റെ പോസ്റ്റിന് താഴെ ക്ലൗഡ്‌സെക് സിഇഒ വാഗ്ദാനം ചെയ്തു. സൈബര്‍ ആക്രമണങ്ങളെയും ഭീഷണിയെയും തടയുന്നതിന് എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന സ്ഥാപനമാണ് ക്ലൗഡ്‌സെക്(CloudSEK). ബര്‍ഗര്‍ സിംഗ് പുലര്‍ത്തുന്ന സുതാര്യതയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
സൈബര്‍ ആക്രമണത്തോടുള്ള ബര്‍ഗര്‍ സിംഗിന്റെ നിലപാടിലനെ മറ്റൊരു ഉപയോക്താവ് പ്രശംസിച്ചു. ബര്‍ഗര്‍ സിംഗിന്റെ സ്റ്റോര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായും അയാൾ പറഞ്ഞു.
എന്നാല്‍, ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള ഒരു മാര്‍ക്കറ്റിങ് തന്ത്രമാണ് ഇതെന്ന് കരുതുന്നതായി ചില ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട ബര്‍ഗര്‍ സിംഗ് ഉന്നയിച്ച അവകാശവാദങ്ങള്‍ സ്വതന്ത്രമായി പരിശോധിക്കാന്‍ കഴിയില്ല.