അഞ്ചാം ടെസ്റ്റിനുള്ള(Fifth Test) ഇന്ത്യൻ ടീമിനെ(Indian team) പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറ(Jasprit Bumrah) ടീമിൽ തിരിച്ചെത്തി. അതേസമയം കെഎൽ രാഹുൽ ടീമിൽ ഇടംനേടാനായില്ല. ഓഫ് സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ നിന്ന് ഒഴിവാക്കി. മാർച്ച് 7 മുതൽ ധർമ്മശാലയിലാണ് അഞ്ചാം ടെസ്റ്റ് നടക്കുക.
ധർമ്മശാല ടെസ്റ്റിൽ കെഎൽ രാഹുലിൻ്റെ പങ്കാളിത്തം ഫിറ്റ്നസിനെ ആശ്രയിച്ചായിരിക്കുമെന്ന് അറിയിച്ചിരുന്നു. പരിക്ക് കണക്കിലെടുത്ത് ലണ്ടനിൽ വിദഗ്ധരുമായി ചർച്ചകൾ നടത്തുന്നതിനിടയിൽ ബിസിസിഐയുടെ മെഡിക്കൽ ടീം താരത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. അതേസമയം സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ തിരിച്ചെത്തി എന്നതാണ് ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വാർത്ത. റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് പുറത്താക്കപ്പെട്ട ബുംറ ധർമശാലയിൽ ടീമിനൊപ്പം ചേരും. ഈ പരമ്പരയിൽ ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.
വാഷിംഗ്ടൺ സുന്ദർ പുറത്ത്
അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഓഫ് സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാർച്ച് 2 മുതൽ മുംബൈയ്‌ക്കെതിരായ രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിനായി താരം തമിഴ്‌നാടിനായി കളിക്കും. ആവശ്യമെങ്കിൽ രഞ്ജി മത്സരം പൂർത്തിയാകുന്നതോടെ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനൊപ്പം വാഷിങ്ടണും ചേരും.
ഇന്ത്യയ്‌ക്കായി ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ മുഹമ്മദ് ഷമിയുടെ അപ്‌ഡേറ്റും ബിസിസിഐ നൽകിയിട്ടുണ്ട്. 2024 ഫെബ്രുവരി 26 ന് ഷമിയുടെ വലതുകാലിന് പരിക്കേറ്റിരുന്നു. ഇതോടെ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. താരം സുഖം പ്രാപിച്ചു വരുന്നുവെന്നും ഉടൻ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് (എൻസിഎ) മാറ്റുമെന്നും ബിസിസിഐ അറിയിച്ചു.
ലോകകപ്പിലെ ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ലോകകപ്പിന് ശേഷം ടീമിന് പുറത്തായിരുന്നു. അടുത്തിടെ അർജുന അവാർഡും താരത്തെ തേടിയെത്തി.
അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പാട്ടീദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ദേവദത്ത് പടിക്കൽ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.