കൊച്ചി: എറണാകുളം ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിലെ തലവേദന അകറ്റാൻ പട്ടാളപ്പുഴു പ്ലാന്റുകൾ തയ്യാർ. കൊച്ചി കോർപ്പറേഷൻ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് അമ്പത് ടൺ ശേഷിയുള്ള രണ്ട് പട്ടാളപ്പുഴു പ്ലാന്റുകൾ സ്ഥാപിച്ചത്. മാർച്ചിൽ പ്ലാന്റുകൾ പ്രവർത്തനം തുടങ്ങും. ബ്ലാക് സോൾജേഴ്സ് ഫ്ലൈ അഥവാ പട്ടാളപ്പുഴുക്കളെ ഉപയോഗിച്ച് മാലിന്യം സംസ്കരിക്കാൻ പ്ലാന്റുകൾ സജ്ജമായിക്കഴിഞ്ഞു.
ചെറിയ പരന്ന ട്രേകളിൽ ജൈവമാലിന്യത്തിനൊപ്പം പട്ടാളപ്പുഴുക്കളെ നിക്ഷേപിക്കും. പുഴുക്കൾ വലിയ തോതിൽ ജൈവമാലിന്യം അകത്താക്കും. കണ്ണിൽപ്പോലും കാണാൻ കഴിയാത്ത ഈ പുഴുക്കൾ ഒരു ദിവസം 200 മില്ലിഗ്രാം മാലിന്യമാണ് അകത്താക്കുക. വെറും പത്ത് ദിവസം കൊണ്ട് ഇവ രണ്ട് സെന്റിമീറ്ററിലധികം വളരും. പുഴുക്കളുടെ വിസർജ്യം കന്പോസ്റ്റ് വളമാക്കി മാറ്റാം. ലാർവകൾ പ്യൂപ്പകളായി മാറിക്കഴിഞ്ഞാൽ അവയെ കോഴികൾക്കും പന്നികൾക്കും തീറ്റയായി ഉപയോഗിക്കാം.
ഫാബ്കോ ബയോസൈക്കിൾസ്, സിഗ്മ എന്നീ ക്പനികളാണ് പട്ടാളപ്പുഴു പ്ലാന്റുകൾ സ്ഥാപിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാനുള്ള ചിലവ് സ്വകാര്യ കമ്പനികളാണ് വഹിക്കുക. ഒരു ടൺ മാലിന്യം സംസ്കരിക്കാൻ 2480 രൂപയാണ് കോർപറേഷൻ സ്വകാര്യ കമ്പനികൾക്ക് നൽകേണ്ടത്.