ന്യൂഡെൽഹി: ‘അൺ പാർലമെന്ററി’ വാക്കുകളെ ചൊല്ലി പ്രതിഷേധവും വിമർശനവും ശക്‌തമാകുന്നതിനിടെ വിശദീകരണവുമായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. ഒരു വാക്കും ലോക്‌സഭയിൽ വിലക്കിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മുൻകാലങ്ങളിൽ റെക്കോർഡ് ചെയ്യപ്പെടാതെ പോയ പദപ്രയോഗങ്ങളുടെ ഒരു സമാഹാരം മാത്രമായിരുന്നു പുറത്തുവിട്ട പട്ടിക എന്നും അദ്ദേഹം പറഞ്ഞു.
“ഇത്തരത്തിലുള്ള അൺപാർലമെന്ററി വാക്കുകളുടെ ഒരു പുസ്‌തകം നേരത്തെ പുറത്തിറക്കിയിരുന്നു… പേപ്പറുകൾ പാഴാകാതിരിക്കാൻ ഞങ്ങൾ അത് ഇന്റർനെറ്റിൽ ഇട്ടു. വാക്കുകളൊന്നും നിരോധിച്ചിട്ടില്ല, നീക്കം ചെയ്‌ത വാക്കുകളുടെ സമാഹാരം ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്,” ബിർള പറഞ്ഞു.
“അവർ (പ്രതിപക്ഷക്കാർ) അൺപാർലമെന്ററി വാക്കുകൾ അടങ്ങുന്ന ഈ 1,100 പേജുള്ള നിഘണ്ടു വായിച്ചിട്ടുണ്ടോ? വായിച്ചിരുന്നെങ്കിൽ… തെറ്റിദ്ധാരണ പരത്തില്ലായിരുന്നു… 1954, 1986, 1992, 1999, 2004, 2009, 2010 എന്നീ വർഷങ്ങളിൽ ഇത് പുറത്തിറക്കിയിരുന്നു… 2010 മുതൽ വാർഷിക അടിസ്‌ഥാനത്തിൽ റിലീസ് ചെയ്യാൻ തുടങ്ങി,” അദ്ദേഹം കൂട്ടിച്ചേർത്തു.