മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ദൃശ്യം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രല്ലർ ചിത്രമായി കണക്കാക്കാവുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. കോവിഡ് കാലത്ത് ഒടിടിയിൽ പ്രദർശനത്തിനെത്തിയ ദൃശ്യം 2 വലിയ വിജയമായി മാറി.
ദൃശ്യം ഫ്രാഞ്ചൈസി ഹോളിവുഡിലേക്ക് റിമേക്ക് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ചിത്രത്തിന്റെ ഹോളിവുഡ് റീമേക്കിനായി ഗൾഫ് സ്ട്രീം പിക്‌ചേഴ്‌സും, ജോറ്റ് (JOAT) ഫിലിംസുമായി കൈകോർത്തതായി പ്രൊഡക്ഷൻ ഹൗസ് പനോരമ സ്റ്റുഡിയോസ് വ്യാഴാഴ്ച അറിയിച്ചു.
ദൃശ്യം 1, 2 ചിത്രങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്നാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്. നിലവിൽ കൊറിയൻ ഭാഷയിൽ ചിത്രം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും, സ്പാനിഷ് ഭാഷയിൽ നിർമ്മിക്കാനുള്ള നടപടികൾ അന്തിമമാക്കുകയാണെന്നും പനോരമ അറിയിച്ചു.
ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കൊപ്പം ദൃശ്യത്തിൻ്റെ കഥ ആഘോഷിക്കുന്നതിൽ താൻ ആവേശഭരിതനാണെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കുമാർ മംഗത് പഥക് പറഞ്ഞു. “ഈ കഥ ഇംഗ്ലീഷിൽ ഹോളിവുഡിനായി സൃഷ്‌ടിക്കാൻ ഗൾഫ്‌സ്ട്രീം പിക്‌ചേഴ്‌സുമായും ജോറ്റ് ഫിലിംസുമായും സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
കൊറിയയ്ക്കും ഹോളിവുഡിനും ശേഷം അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ 10 രാജ്യങ്ങളിൽ ദൃശ്യം നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം,” കുമാർ മംഗത് പറഞ്ഞു.
ദൃശ്യത്തിൻ്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പിൽ പനോരമ സ്റ്റുഡിയോയുമായും ജോറ്റ് ഫിലിംസുമായും സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബ്ലെൻഡഡ് ആൻഡ് അപ്‌ഗ്രേഡഡ് ബാനറായ ഗൾഫ്‌സ്ട്രീം പിക്‌ചേഴ്‌സിനായി, മൈക്ക് കാർസും ബിൽ ബിൻഡ്‌ലിയും പറഞ്ഞു.
കൊറിയൻ, ഇംഗ്ലീഷ് പതിപ്പുകൾ പൂർത്തിയായിക്കൊണ്ടിരക്കുന്ന ദൃശ്യം നിലവിൽ കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, മാൻഡ്രിയൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. 2013ല്‍ റിലീസായ ചിത്രം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായി 45 ദിവസത്തോളം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ സുരേഷ് ബാലാജി തമിഴിൽ നിർമ്മിച്ച ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ കമൽഹാസനാണ് നായകനായത്.