വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ്(72) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മകൾ നയാബ് ഉധാസ് ആണു മരണവിവരം പുറത്തുവിട്ടത്.
1980 ല്‍ ഗസല്‍ ആല്‍ബമായ ആഹതിലൂടെയാണ് പങ്കജ് ഉധാസ് സ്വീകാര്യത നേടിയത്. ചാന്ദ്‌നി ജൈസാ രംഗ് ഹെ തെരാ, ഔർ ആഹിസ്താ കീജിയെ ബാതേൻ, ജിയെ തോ ജിയേ കെസേ തുടങ്ങി ഒരുകാലത്തെ സൂപ്പർ ഹിറ്റ് ഗാനങ്ങളെല്ലാം തന്നെ പങ്കജ് ഉധാസിന്റേതായിരുന്നു.
1986-ല്‍ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാന രംഗത്ത് അദ്ദേഹം ബോളിവുഡിൽ ചുവടുവെയ്ക്കുന്നത്. ഛിട്ടി ആയി ഹെ എന്ന ഗാനമായിരുന്നു പങ്കജ് ആലപിച്ചത്. പിന്നീട് ഒരു തിരിഞ്ഞുനോട്ടം അദ്ദേത്തിന് നടത്തേണ്ടി വന്നിട്ടില്ല. നിരവധി ആൽബങ്ങളും ഗസൽ വേദികളിലുമെല്ലാമായി പങ്കജ് നിറഞ്ഞ് നിന്നു. ആഗോളതലത്തിൽ നിരവധി സംഗീത പരിപാടികളും പങ്കജ് നടത്തി. 2006 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.