ടി.പി കേസിൽ വധശിക്ഷ നൽകാതിരിക്കാൻ കാരണം ചോദിച്ച് കോടതി.

0
48

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികളോട് കാരണം ചോദിച്ച് കോടതി. ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതിയുടെ നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്.

താൻ നിരപരാധി എന്നായിരുന്നു ഒന്നാം പ്രതി എം സി അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും അനൂപ് പറഞ്ഞു. വധശിക്ഷയ്ക്ക്‌ വിധിക്കരുത്, വീട്ടിൽ മറ്റാരും ഇല്ലെന്നും ആവശ്യപ്പെട്ടു.ഇതിനിടെ നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്രതി ആവശ്യപ്പെട്ടു.

കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കൊടി സുനിയുടെ മറുപടി. പ്രായമായഅമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷ വർധിപ്പിക്കണം എന്ന സർക്കാരിൻ്റെയും രമയുടെയും ആവശ്യത്തിൽ ഒന്നും ബോധിപ്പിക്കാനില്ലെന്നും ഇയാൾ പറഞ്ഞു.

അതിനിടെ ടിപി കേസിന്റെ ഭാഗമായി തടവിൽ കഴിയവേ പൊലീസ് മർദ്ദനത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെയെന്ന് ടികെ രജീഷ് കോടതിയിൽ പറഞ്ഞു.കേസിൽ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച പന്ത്രണ്ടാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയിൽ ഹാജരാകാതിരുന്നത്. ഇയാളെ ഓൺലൈനായി ഹാജരാക്കി. നടക്കാൻ പോലും പറ്റാത്ത ആരോഗ്യ പ്രശ്നമാണ് തനിക്കെന്നും വീട്ടിൽ ഭാര്യക്കും മകനും അസുഖം ഉണ്ട്. അനുജൻ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്നും ജ്യോതി ബാബു കോടതിയിൽ പറഞ്ഞു.

ശിക്ഷാ കാലയളവിൽ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്മിഷൻ എടുത്തതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു പ്രതികളോട് കോടതിയുടെ ചോദ്യം. ടിപി ചന്ദ്രശേഖരന്റെ വിധവയും എംഎൽഎയുമായ കെകെ രമ വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here