കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ സംസ്ഥാന വ്യാപക കടയടപ്പ് സമരം തുടങ്ങി. രാത്രി എട്ടുവരെ സമരം തുടരും. വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വ്യാപാരി വ്യവസായ ഏകോപന സമിതി നടത്തുന്ന വ്യാപാര സംരക്ഷണയാത്രയുടെ സമാപനദിവസമാണ് കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാപാര സംരക്ഷണയാത്ര തിരുവനന്തപുരത്ത് സമാപിക്കും.ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുമായി കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ആണ് വ്യാപാര സംരക്ഷണയാത്ര നടത്തുന്നത്. വ്യാപാര സംരക്ഷണയാത്രയുടെ സമാപനദിവസമായ ഇന്ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വ്യാപാരികളുടെ മഹാ സംഗമം നടക്കും.
വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ ആവശ്യങ്ങൾ
ജിഎസ്ടിയിലെ വർധനവ് പുനപരിശോധിക്കുക, വ്യാപാരികളുടെ മേൽ അധികരിപ്പിച്ചിരിക്കുന്ന പ്രൊഫഷണൽ ടാക്സ് വർധന പിൻവലിക്കുക, ഹരിത കർമ്മ സേനയുടെ പേരിലുള്ള പകൽ കൊള്ള അവസാനിപ്പിക്കുക, വ്യാപാര സ്ഥാപനത്തിന് ലൈസൻസ് ലഭിക്കണമെങ്കിൽ സ്ഥാപനത്തിൽ പൊതുശൗചാലയം എന്ന വ്യവസ്ഥ പുനർ പരിശോധിക്കുക, വ്യാപാര സ്ഥാപനങ്ങളിലെ ടെസ്റ്റ് ബിന്നുകൾ പൊതു ജനങ്ങൾക്കായി നൽകുന്നത് പുനർ പരിശോധിക്കുക.
ലൈസൻസ് പുതുക്കുന്നതിന് ഒരു ദിവസം വൈകിയാൽ 600 ശതമാനം പിഴ ഈടാക്കുന്നത് ഒഴിവാക്കുക, ഹൈവേ വികസനത്തിന്റെ പേരിൽ കുടിയൊഴിക്കപ്പെട്ട വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, ബദൽ സംവിധാനം ഇല്ലാത്ത പ്ലാസ്റ്റിക് നിരോധനം പുനപരിശോധിക്കുക, എഫ്എസ്എസ്എ രജിസ്ട്രേഷന്റെ പേരിൽ വ്യാപാരികളോടുള്ള ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ 29 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.