തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ;

0
74

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ നിയമം നടപ്പാക്കും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2024-ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ നിയമത്തില്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചതിന് ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കും. നമ്മുടെ മുസ്ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡനത്തിന് ശേഷം ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം നല്‍കാന്‍ മാത്രമാണ് സിഎഎ ഉദ്ദേശിക്കുന്നത്. ഇത് ആരുടെയും ഇന്ത്യന്‍ പൗരത്വം തട്ടിയെടുക്കാനുള്ളതല്ല എന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം സിവില്‍ കോഡ് ജവഹര്‍ലാല്‍ നെഹ്റുവും മറ്റുള്ളവരും ഒപ്പിട്ട ഭരണഘടനാപരമായ അജണ്ടയാണ് എന്നും അമിത് ഷാ പറഞ്ഞു.

എന്നാല്‍ പ്രീണനം മൂലം കോണ്‍ഗ്രസ് അത് അവഗണിച്ചു. ഉത്തരാഖണ്ഡില്‍ യു സി സി നടപ്പാക്കുന്നത് ഒരു സാമൂഹിക മാറ്റമാണ്. ഇത് എല്ലാ വേദികളിലും ചര്‍ച്ച ചെയ്യുകയും നിയമപരമായ പരിശോധന നേരിടുകയും ചെയ്യും. ഒരു മതേതര രാജ്യത്തിന് മതാധിഷ്ഠിത സിവില്‍ കോഡുകള്‍ ഉണ്ടാകില്ല എന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 370 സീറ്റുകളും എന്‍ ഡി എയ്ക്ക് 400 സീറ്റുകളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും എന്‍ ഡി എ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് യാതൊരു സംശയവുമില്ല. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും വീണ്ടും പ്രതിപക്ഷ ബഞ്ചില്‍ ഇരിക്കേണ്ടിവരും. ഞങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ബി ജെ പിക്ക് 370 സീറ്റുകള്‍ നല്‍കും.

2024 ലെ തിരഞ്ഞെടുപ്പ് എന്‍ഡിഎയും പ്രതിപക്ഷ സഖ്യവും തമ്മിലുള്ള തിരഞ്ഞെടുപ്പായിരിക്കില്ല എന്നും മറിച്ച് വികസനത്തിനും മുദ്രാവാക്യം വിളിക്കുന്നവര്‍ക്കും ഇടയിലായിരിക്കും എന്നും അമിത് ഷാ പറഞ്ഞു. യു പി എ ഭരണത്തിന്റെ 10 വര്‍ഷത്തിന് ശേഷം തങ്ങളുടെ സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച എന്നും രാജ്യത്ത് വിദേശ നിക്ഷേപം കൊണ്ടുവന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.

ശ്രീരാമന്‍ ജനിച്ച സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കണമെന്ന് രാജ്യത്തെ ജനങ്ങള്‍ 500-550 വര്‍ഷമായി വിശ്വസിച്ചിരുന്നതായി ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാല്‍, പ്രീണന രാഷ്ട്രീയവും ക്രമസമാധാനപാലനവും ചൂണ്ടിക്കാട്ടി രാമക്ഷേത്ര നിര്‍മാണം അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here