പാകിസ്ഥാനിൽ അപ്രതീക്ഷിത ട്വിസ്റ്റ്: വോട്ടെണ്ണലിൽ ലീഡ് ചെയ്യുന്നത് ജയിലിൽ കഴിയുന്ന ഇമ്രാൻഖാൻ്റെ പാർട്ടി.

0
47

പൊതു തെരഞ്ഞെടുപ്പിനെ തുടർന്നുള്ള പാകിസ്ഥാൻ്റെ വോട്ടെണ്ണൽ ഫലം (Vote Counting) വെെകുന്നത് ആശങ്കയുണർത്തുന്നു. വെള്ളിയാഴ്ച അസാധാരണമായ കാലതാമസമാണ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടുണ്ടായത്. മൊബൈൽ സേവനങ്ങൾ (Mobile Srvices) താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള സർക്കാർ തീരുമാനം മൂലമാകാം, വോട്ടെടുപ്പ് അവസാനിച്ച് 12 മണിക്കൂർ കഴിഞ്ഞിട്ടും ദേശീയ പാർലമെൻ്റ് സീറ്റുകളിൽ (National Parliament Seats) ഫലങ്ങളൊന്നും പ്രഖ്യാപിച്ചില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.

വ്യാപകമായ അക്രമങ്ങൾ, മൊബൈൽ ഫോൺ ഷട്ട്ഡൗൺ എന്നീ ആരോപണങ്ങൾക്കിടയിൽ വോട്ടിംഗ് അവസാനിച്ച് 10 മണിക്കൂറിലധികം കഴിഞ്ഞാണ് ആദ്യ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നത്.  വെള്ളിയാഴ്ച പുലർച്ചെ  മൂന്ന് മണിയോടെ ഇസ്‌ലാമാബാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വോട്ടെടുപ്പിൻ്റെ ആദ്യ ഫലങ്ങൾ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്‌പെഷ്യൽ സെക്രട്ടറി സഫർ ഇഖ്ബാൽ പ്രഖ്യാപിച്ചത്.

ഇതുവരെ പ്രഖ്യാപിച്ച സീറ്റുകളിൽ ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി വിജയിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇമ്രാൻ ഖാൻ്റെ പിടിഐ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സമിയുള്ള ഖാൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ അസംബ്ലിയിലെ പികെ-76 സീറ്റിൽ 18,000-ത്തിലധികം വോട്ടുകൾ നേടി വിജയിച്ചു. പിടിഐയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ഫസൽ ഹക്കീം ഖാൻ 25,330 വോട്ടുകൾ നേടിയാണ് പികെ-6ൽ വിജയിച്ചത്.

പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രാഥമിക ഫലമനുസരിച്ച് സ്വാതിൻ്റെ പികെ-4 മണ്ഡലത്തിൽ പിടിഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി അലി ഷാ വിജയിച്ചു. 30,022 വോട്ടുകളാണ് അദ്ദേഹം നേടിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് വോട്ടെടുപ്പ് അവസാനിച്ച് ബാലറ്റ് എണ്ണൽ ആരംഭിച്ചിരുന്നു.  എന്നാൽ ഏത് പാർട്ടിയാണ് ലീഡ് ചെയ്യുന്നതെന്ന് പാകിസ്ഥാൻ ഇലക്ഷൻ കമ്മീഷനിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണി വരെ വ്യക്തമായ ചിത്രം ലഭിച്ചിരുന്നില്ല.

പ്രവാസ ജീവിതത്തിൽ നിന്നും മടങ്ങിയെത്തിയ മുൻപാത്രമന്ത്രി നവാസ് ഷെരീഫിൻ്റെ പാർട്ടി പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകളെ അട്ടിമറിച്ചു കൊണ്ട് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി കൂടിയായ ഇമ്രാൻഖാൻ്റെ പാർട്ടി മുന്നേറുന്ന കാഴ്ചകളാണ് കാണാൻ കഴിയുന്നത്. തിരഞ്ഞെടുപ്പ് അന്തിമഫലം പുറത്തുവരുന്നതോടെ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ ചിത്രം വ്യക്തമാവുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here