നവഗ്രഹങ്ങളിൽ പ്രധാന സ്ഥാനം കൽപ്പിയ്ക്കപ്പെടുന്ന ദേവനാണ് ശനി ദേവൻ. ശനിയുടെ അപ്രീതി വരുത്തുന്ന ചില കർമങ്ങളുണ്ട്. ഇതുപോലെ ശനിയുടെ പ്രീതി വരുത്താനും സാധിയ്ക്കും. ശനിപ്രീതി വരുത്തുന്നത് ദോഷഫലങ്ങൾ മാറി നല്ലതു വരാൻ സഹായിക്കും. കറുപ്പും നീലയുമെല്ലാം ശനിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. നമ്മുടെ ജീവിതത്തിൽ നല്ല കാലം വരുന്നതിന്റെ മുന്നോടിയായി ശനി ദേവൻ കാണിച്ചു തരുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയാം.
ആലില

ആലിലയും ഭക്തിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നാണ്. നാം ഏതെങ്കിലും ശുഭകാര്യത്തിനായി പുറത്തേയ്ക്ക് പോകുമ്പോൾ നമ്മുടെ ശരീരത്തിൽ ആലില വന്നു പതിയ്ക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ആ യാത്ര സഫലാകുന്നതിന്റെ സൂചനയാണ്. യാത്രയിൽ ശനീശ്വര അനുഗ്രഹം ലഭിയ്ക്കുന്നതിന്റെ സൂചന കൂടിയാണ് ഇത്. നല്ല കാലം വരുന്നതിന്റെ ലക്ഷണം. ഇത് ശനിയാഴ്ചയാണെങ്കിൽ ജീവിതത്തിൽ ഉയർച്ച വരുന്നതിന്റെ ലക്ഷണമാണ്.
കറുത്ത പശു

കറുത്ത പശുവിനെ കാണുന്നത്, പ്രത്യേകിച്ചും ശനിയാഴ്ച കാണുന്നത് ഏറെ നല്ലതായി കണക്കാക്കപ്പെടുന്നു. ക്ഷേത്രദർശനത്തിനായി ഇറങ്ങുമ്പോഴോ യാത്രാമധ്യേ കാണുന്നതും നല്ലതായി കണക്കാക്കപ്പെടുന്നു. ഇതുപോലെ യാത്രയ്ക്കായി ഇറങ്ങുമ്പോൾ നീല വസ്ത്രം ധരിച്ച ആരെയെങ്കിലും കാണുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ജീവിതത്തിൽ നല്ലത് വരാൻ പോകുന്നുവെന്നതിന്റെ ഒരു സൂചന കൂടിയാണ്.
കാക്ക

ശനിദേവന്റെ വാഹനമാണ് കാക്ക. ശനിയാഴ്ച ദിവസം ഇവ കൂടുതലായി വരുന്നത് നല്ല കാലം വരുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. ഇവയക്ക് ആഹാരവും ജലവും നൽകുന്നത് നല്ലതാണ്. എന്നാൽ ഇവ ശനിയാഴ്ച തലയിൽ തൊടുന്നത് ദോഷമായി കണക്കാക്കുന്നു. ഇതിന് പരിഹാരമായി ശനീശ്വര ക്ഷേത്രത്തിൽ വഴിപാടും ദർശനവുമാകാം.
നീല ശംഖുപുഷ്പം

നീലനിറത്തിലെ ശംഖുപുഷ്പം ഇതുപോലെ നല്ല കാലത്തിന്റെ ലക്ഷണമായി കണക്കാക്കാം. ശനിദേവന്റെ പ്രധാന പുഷ്പമാണ് നീല ശംഖുപുഷ്പം. ഇത് പ്രസാദമായി ലഭിയ്ക്കുന്നതും ആരെങ്കിലും നമുക്ക് കൊണ്ടുതരുന്നതും നല്ലതായി കണക്കാക്കപ്പെടുന്നു. ഇത് ശനിയാഴ്ച ലഭിയ്ക്കുന്നതും ഏതെങ്കിലും കർമത്തിന് മുന്നോടിയായി ലഭിയ്ക്കുന്നതും ശുഭമായി കണക്കാക്കുന്നു.
കറുത്ത നായ

കറുത്ത നായ ശനിയാഴ്ച ദിവസം വീടുകളിൽ വരുന്നത് ഉത്തമമായി കണക്കാക്കുന്നു. ഇത് വീട്ടിലോ വീട്ടുവളപ്പിലോ വരുന്നത് നല്ല കാലം വരുന്നതിന്റെ മുന്നോടിയായി കാണാം. ഇതുപോലെ ഇവയെ ക്ഷേത്രത്തിന് പുറത്ത് കാണുന്നതും നമുക്ക് നല്ല കാലം വരുന്നതിന്റെ സൂചനയാണ്. ഇവയ്ക്ക് ഭക്ഷണം നൽകുന്നത് നല്ലതാണ്.