പൂനെയിലെ മുത്ത നദിക്കടിയിലൂടെയാണ് മെട്രോ കടന്നുപോകുന്നത്. പിംപ്രി ചിംച്‌വാദ് മുനിസിപ്പൽ കോർപ്പറേഷൻ മുതൽ സ്വാർഗേറ്റ് മെട്രോ സ്റ്റേഷൻ വരെയുള്ള 17.5 കിലോമീറ്റർ ദൂരത്തിലുള്ള മെട്രോ റെയിലിന്റെ ജോലികളാണ് നടക്കുന്നത്. ഇതിൽ 6 കിലോമീറ്റർ ദൈർഘ്യത്തിൽ ഭൂഗർഭ റെയിലാണ്. ശിവജിനഗർ മുതൽ സ്വാർഗേറ്റ് വരെയുള്ള ദൂരമാണ് അണ്ടർഗ്രൗണ്ട് മെട്രോ. അഞ്ച് സ്റ്റേഷനുകളാണ് അണ്ടർഗ്രൗണ്ട് മെട്രോയിൽ വരുന്നത്. ശിവജി നഗർ, സിവിൽ കോർട്ട്, ബുധ്‌വാർ പേഠ്, മണ്ടായി, സ്വാർഗേറ്റ് എന്നിവ.
കട്ട് ആൻഡ് കവർ സാങ്കേതികത ഉപയോഗിച്ചാണ് ഈ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ടണൽ ബോറിങ് മെഷീനുകൾ ഇതിനായി ഉപയോഗിച്ചു. മുത്ത, മൂല, പവൻ എന്നീ പോരുകളുള്ള മെഷീനുകളാണ് ഉപയോഗിച്ചത്. നഗരത്തിലെ ജനങ്ങൾ തിങ്ങിപ്പാർക്കുകയും, നിരവധി ബിസിനസ് സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന പ്രദേശങ്ങളിൽ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയാകുമെന്ന് കണ്ടതോടെയാണ് അണ്ടർഗ്രൗണ്ട് നിര്‍മ്മാണം എന്ന വഴി തെളിഞ്ഞത്. എലിവേറ്റഡ് മെട്രോ ആയിരുന്നെങ്കിൽ നദിക്കു മുകളിലൂടെ പോകുന്നതിന് മറ്റ് പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭൂഗർഭത്തിലേക്ക് ഉപരിതലത്തിൽ നിന്ന് ഏതാണ്ട് മുപ്പത് മീറ്ററോളം താഴ്ച മിക്കയിടത്തും വരുന്നുണ്ട്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും ആഴമേറിയ ഭൂഗർഭ സംവിധാനമായി പൂനെ മെട്രോ മാറുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.