നദികളുടെ പുനരുജ്ജീവനം: ഡിപിആര്‍ സമര്‍പ്പിച്ചു

0
81

കരമന, പമ്പ, കേചേരി, മണിമല ആറുകളെ മാലിന്യമുക്തമാക്കി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വിശദ പദ്ധതി രേഖ (ഡിപിആര്‍) സര്‍ക്കാരിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ വിവിധ എന്‍ജിനിയറിങ് കോളജുകളുടെ സഹകരണത്തോടെയാണ് വിശദ പദ്ധതി രേഖ തയാറാക്കിയത്. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മന്ത്രി വിശദ പദ്ധതി രേഖ ഏറ്റുവാങ്ങി. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് സന്നിഹിതനായിരുന്നു. ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളജ്, ടികെ.എം. എന്‍ജിനിയറിങ് കോളജ്, പ്രോവിഡന്‍സ് കോളജ് ഓഫ് എന്‍ജിനിയറിങ്, മാര്‍ബസേലിയോസ് കോളജ് ഓഫ് എന്‍ജിനിയറിങ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.

കേരളത്തിലെ 21 നദികളില്‍ മലിനീകരണം നിയന്ത്രിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 40 ഓളം എന്‍ജിനിയറിങ് കോളജുകളുമായി സഹകരിച്ച് നദികളുടെ പുനരുജ്ജീവനത്തിനായുള്ള പദ്ധതി തയാറാക്കുകയാണ് ജലവിഭവ വകുപ്പ്. മലിനീകരണ തോത് കുറയ്ക്കാനും കുളിക്കാന്‍ യോഗ്യമായ നിലയില്‍ ജലാശയത്തെ മാറ്റിയെടുക്കാനുമാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. 14 ആഴ്ചകൊണ്ടാണ് നാല് നദികളുടെ പുനരുജ്ജീവനത്തിനായുള്ള വിശദ പദ്ധതി രേഖ തയാറായത്.
സ്ഥലം സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുക, അതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികവും ദ്വിതീയവുമായ വിവരശേഖരണവും സംയോജനവും നടത്തിയാണ് വിശദ പദ്ധതി രേഖ തയാറാക്കിയിട്ടുള്ളത്. ജലസേചന വകുപ്പിലെ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാരായിരുന്നു നോഡല്‍ ഓഫീസര്‍മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here