വൈകിയെത്തിയ കുളിരുമായി മൂന്നാറിന് അഴക് പകർന്ന് തണുപ്പുകാലം. ജനുവരി അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോൾ മൂന്നാർ അടക്കമുള്ള മേഖലകളിൽ തണുപ്പേറുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ മൂന്നാറിൽ തണുപ്പ് മൈനസിലേക്ക് എത്തിയേക്കും.
സാധാരണയായി ഡിസംബർ അവസാനവും ജനുവരി ആദ്യവുമാണ് മൂന്നാറിലടക്കം തണുപ്പ് കൂടുന്നത്. ഈ സമയങ്ങളിൽ പലതവണയായി മൈനസ് ഡിഗ്രി സെൽഷ്യസ് വരെ താപനില എത്തുകയും മഞ്ഞ് പെയ്യാറുമുണ്ട്. എന്നാൽ ഇത്തവണ കാലാവസ്ഥ വ്യതിയാനത്താൽ അത്തരത്തിൽ ഉണ്ടായിരുന്നില്ല.പകൽ സമയത്തെ കൂടിയ താപനിലയിലും രാത്രിയിലെ കുറഞ്ഞ താപനിലയിലും മാറ്റം ഉണ്ടായിട്ടുണ്ട്. പകൽ സമയത്തെ കൂടിയ താപനില ഒന്ന് മുതൽ 2.5 ഡിഗ്രിവരെ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ മാത്രം കുറഞ്ഞു.
കുറഞ്ഞ താപനിലയിൽ 0.5 ഡിഗ്രി മുതൽ രണ്ടു ഡിഗ്രിവരെ കുറവ് വന്നതായി ഐഎംഡിയുടെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അപ്പർ ഗുണ്ടുമല, പഴയ ദേവികുളം താപനില പൂജ്യം ഡിഗ്രിയെത്തി എന്ന അവകാശവാദവുമായി നാട്ടുകാർ രംഗത്തുവന്നത്.അതേസമയം അടുത്ത ദിവസം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ലക്ഷ്മിയിലാണ്. ഉപാസി റ്റി റിസേർച്ച് ഫൗണ്ടേഷൻ്റെ കണക്ക് പ്രകാരം ഇന്നലെ പുലർച്ചെ മൂന്നു ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയത്.
ചെണ്ടുവര, സൈലന്റുവാലി, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിൽ നാലു ഡിഗ്രി സെൽഷ്യസും സെവൻമലയിൽ അഞ്ച് ഡിഗ്രി സെൽഷ്യസുമായിരുന്നു കുറഞ്ഞ താപനില. ആർ ആന്റ് ഡി മാട്ടുപ്പെട്ടി, കണ്ണിമല എന്നിവിടങ്ങളിലെ ആറ് ഡിഗ്രി സെൽഷ്യസുമാണ് കുറഞ്ഞ താപനില.
ഈ മാസം ആദ്യവും ശക്തമായ മഴ ലഭിച്ചിരുന്നു. എന്നാൽ ഇതിന് അനുസരിച്ച് പകൽ സമയത്തെ താപനിലയിൽ കുറവുണ്ടായില്ല. രാത്രിയിലെ താപനിലയും ഉയർന്ന് തന്നെ തുടരുകയായിരുന്നു. ശൈത്യകാറ്റ് എത്തിത്തുടങ്ങിയതോടെ പകലും നിലവിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യം തുടർന്നാൽ മൂന്നാറിൽ തണുപ്പ് മൈനസിലേക്ക് എത്തിയേക്കും.