വൈദ്യുതി ബില്ലടയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിച്ചതായി കെഎസ്‌ഇബി. ഓൺലൈൻ മുഖേനെ വൈദ്യുതി ബില്ലടയ്ക്കുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. ഗൂഗിൾ പേ, ആമസോൺ പേ, പേടിഎം, അക്ഷയ, ഫ്രണ്ട്‌സ് സംവിധാനങ്ങളിലാണ് തടസം നേരിട്ടത്.
ഈ പ്രശ്നമാണ് പരിഹരിക്കപ്പെട്ടത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ബില്ലടയ്ക്കുന്നതിൽ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. ബിൽ അടയ്ക്കുന്നതിൽ തടസ്സം നേരിടുന്നതായി കെഎസ്ഇബി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. ഈ പ്രശ്നമാണ് നിലവിൽ പരിഹരിക്കപ്പെട്ടത്.
ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെഎസ്ഇബി അറിയിച്ചിരുന്നു.ഓൺലൈൻ മുഖേനെ വൈദ്യുതി ബില്ലടയ്ക്കുന്നതിൽ തടസം നേരിട്ടെങ്കിലും കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പണം അടയ്ക്കാൻ സാധിക്കുമായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.
വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്‌ഇബി
ഭൂവുടമയുടെ അനുമതിയോടെ മാത്രമേ വൈദ്യുതി പ്രസരണ വിതരണ ലൈനുകള്‍ സ്ഥാപിക്കുവാന്‍ കഴിയൂ എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്‌ഇബി. വൈദ്യുതി പ്രസരണ ലൈനുകള്‍ ഭൂവുടമയുടെ അനുമതിയോടെ മാത്രമേ കെഎസ്ഇബിയ്ക്ക് സ്ഥാപിക്കാന്‍ കഴിയൂ എന്ന തരത്തിൽ ചില ദിനപത്രങ്ങളില്‍ വാര്‍ത്തകള്‍ വരികയുണ്ടായി. ടെലികമ്മ്യൂണിക്കേഷന്‍ ആക്റ്റ് 2023 പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് 1885 റദ്ദാക്കപ്പെടുമെന്നതാണ് ഇതിനുള്ള കാരണമായി വാർത്തകളിൽ പറയുന്നത്.
ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023 നിയമമാകുമ്പോള്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് 1885 റദ്ദാകുമെങ്കിലും ഇലക്ട്രിസിറ്റി നിയമം 2003-ലെ സെക്ഷന്‍ 164 ഭേദഗതി ചെയ്യുന്നതുവരെ വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ ടെലിഗ്രാഫിക് ആക്റ്റ് 1885 പാര്‍ട്ട് III-ലെ വ്യവസ്ഥകള്‍ പ്രാബല്യത്തിലുണ്ടാവുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023 (അധ്യായം XI റദ്ദാക്കലും സംരക്ഷിക്കലും) സെക്ഷന്‍ 60 (3) പ്രകാരം നിഷ്കര്‍ഷിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ ആക്റ്റ് 2023 പ്രാബല്യത്തില്‍ വന്നാലും വൈദ്യുതി പ്രസരണ വിതരണ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി ലൈനുകള്‍ സ്ഥപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിലവിലുള്ള അധികാരാവകാശങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അല്ലാത്ത തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി.