രസകരമായ വിവരങ്ങളാണ് ഇന്ത്യയിലെ ടീനേജുകാരുടെ തൊഴിൽപരമായ ആഗ്രഹങ്ങളെ സംബന്ധിച്ച് 2023ലെ അസർ സർവ്വേ പുറത്തുവിടുന്നത്. കേരളത്തിലെ കൗമാരക്കാർ ഇന്ത്യയിലെ ഇതര കൗമാരക്കാരെ അപേക്ഷിച്ച് പോലീസിലും പട്ടാളത്തിലും ചേരാനുള്ള ആഗ്രഹം കേരളത്തിലെ കൗമാരക്കാർക്ക് കുറവാണ്. 4.8 ശതമാനം ആൺകുട്ടികൾക്ക് മാത്രമാണ് പട്ടാളത്തിൽ ചേരാൻ ആഗ്രഹം. 4.6 ശതമാനം ആൺകുട്ടികൾക്ക് പോലീസിൽ ചേരാനും താൽപ്പര്യമുണ്ട്.
ആനുവൽ സ്റ്റാറ്റസ് ഓഫ് എജുക്കേഷൻ റിപ്പോർട്ട് അഥവാ അസർ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് മലയാളി കൗമാരക്കാരിൽ അധികവും. ഇക്കാര്യത്തിൽ ദേശീയതലത്തിൽ തന്നെ ഉയർന്ന നിരക്കാണ് കേരളത്തിലേത്. 21.2 ശതമാനം കുട്ടികൾക്കും എന്ത് ചെയ്യണമെന്നറിയില്ല. ഐഎഎസ് ആകാൻ കേരളത്തിലെ അധികം പേർക്കും താൽപ്പര്യമില്ല. 0.8 ശതമാനം ആൺകുട്ടികൾക്കാണ് ഐഎഎസ് താല്‍പ്പര്യമുള്ളത്. 0.7 ശതമാനം പെൺകുട്ടി കൾക്കും ഐഎഎസ് ആകണം.
ഐപിഎസ്സാകാൻ ആൺകുട്ടികൾക്ക് താൽപ്പര്യം കുറവാണ്. എന്നാൽ പെൺകുട്ടികളിൽ 0.7 ശതമാനം പേരിൽ അങ്ങനെയൊരു താൽപ്പര്യം നിലനിൽക്കുന്നുണ്ട്. സർവ്വേ ഡാറ്റ പരിശോധിച്ചാൽ കുട്ടികളെല്ലാം വളരെ പ്രായോഗികബുദ്ധികളാണെന്ന് കാണാം. നഴ്സാകാനാണ് കേരളത്തിലെ കൗമാരക്കാരിൽ 8.6 ശതമാനം ആൺകുട്ടികളും ആഗ്രഹിക്കുന്നത്.
പെൺകുട്ടികളിൽ 33.6 ശതമാനം പേർക്കും നഴ്സായാൽ മതി. വിദേശ മാർക്കറ്റുകളിൽ നഴ്സുമാർക്കുള്ള ഉയർന്ന ഡിമാൻഡാകാം കാരണം.കേരളത്തിൽ ആൺകുട്ടികളെ ഏറ്റവും ആകർഷിക്കുന്നത് എൻജിനീയർ ജോലിയാണ്. 13 ശതമാനം പേരും എൻജിനീയറാകാൻ ആഗ്രഹിക്കുന്നു. ഇത് ദേശീയ തലത്തിൽ തന്നെ ഉയർന്ന നിരക്കാണ്. കേരളത്തിനു മുമ്പിൽ തമിഴ്നാടാണുള്ളത്.
ഇവിടെ 24 ശതമാനം ആൺകുട്ടികൾക്കും എൻജിനീയറാകണം. ആന്ധ്രയിലും എൻജിനീയറിങ് താൽപ്പര്യമുള്ള കൗമാരക്കാർ കൂടുതലാണ്. ബോംഗളൂരു നഗരം സ്ഥിതി ചെയ്യുന്ന കർണാടകത്തിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരുപോലെ എൻജിനീയറിങ് താൽപ്പര്യമുണ്ട്.
15.0 ശതമാനം ആൺകുട്ടികളും, 11.1 ശതമാനം പെൺകുട്ടികളും എൻജിനീയറിങ് ജോലികളിലേക്ക് നീങ്ങാൻ ആഗ്രഹിക്കുന്നു ഇവിടെ. കേരളത്തിൽ പെൺകുട്ടികളിൽ 4.2 ശതമാനം പേർക്കാണ് ഈ വഴിക്ക് താൽപ്പര്യമുള്ളത്.
കാർഷിക ജോലികളിൽ കേരളത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താൽപ്പര്യമില്ലെന്ന് അസർ സർവ്വേ പറയുന്നു. ആൺകുട്ടികളിൽ 0 ശതമാനം പേർക്കാണ് താൽപ്പര്യം. പെൺകുട്ടികളിൽ 0.2 ശതമാനം പേർക്ത് കൃഷിയിൽ താൽപ്പര്യമുണ്ട്.