ലോകത്തിലെ ആദ്യ സമുദ്ര സാഹസിക വിനോദസഞ്ചാരകേന്ദ്ര പദ്ധതി പ്രഖ്യാപിച്ച് സൗദി

0
74

റിയാദ്: ലോകത്തിലെ ആദ്യത്തേതും ബൃഹത്തായതുമായ സമുദ്ര സാഹസിക വിനോദസഞ്ചാരകേന്ദ്ര പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഉള്‍ക്കടലിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാഹസിക ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി ‘ദി റിഗ്’ (THE RIG) ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ മാസ്റ്റര്‍പ്ലാനും പുറത്തിറക്കി.ആഗോളതലത്തില്‍ സമുദ്ര കായിക വിനോദങ്ങളിലും സാഹസിക വിനോദസഞ്ചാരത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ ഉതകുന്ന നൂതന കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് ‘ദി റിഗ്’ പദ്ധതി.

സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പൂര്‍ണ ഉടമസ്ഥതയിലുള്ള ജോയിന്റ് സ്റ്റോക്ക് കമ്പനിയായ ഓയില്‍ പാര്‍ക്ക് ഡെവലപ്മെന്റ് കമ്പനി (ഒപിഡിസി) ആണ് പദ്ധതി നടപ്പാക്കുന്നത്.ടൂറിസം വര്‍ധിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, നിക്ഷേപം ആകര്‍ഷിക്കുക, സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കുക എന്നിവ ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

തീരപ്രദേശത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെ അല്‍ ജുറൈദ് ദ്വീപിനും അറേബ്യന്‍ ഗള്‍ഫിലെ ബെറി എണ്ണപ്പാടത്തിനും സമീപം മൂന്ന് ലക്ഷം ചതുരശ്ര മീറ്ററിലധികം കെട്ടിട വിസ്തീര്‍ണത്തിലുള്ള പദ്ധതിയാണിത്.2032ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം ഒമ്പത് ലക്ഷം ആഭ്യന്തര, പ്രാദേശിക, അന്തര്‍ദേശീയ സന്ദര്‍ശകരെ ദി റിഗ് ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒപിഡിസി സിഇഒ റാഇദ് ബഖ്റജി പറഞ്ഞു.

വിനോദവും സാഹസികതയും ഇഷ്ടപ്പെടുന്നവര്‍, പര്യവേക്ഷകര്‍, അവധിക്കാല വിശ്രമകേന്ദ്രങ്ങള്‍ തേടുന്നവര്‍ എന്നിവരെ കേന്ദ്രം ആകര്‍ഷിക്കും.800 മുറികളുള്ള മൂന്ന് ഹോട്ടലുകള്‍, 11 റെസ്റ്റോറന്റുകള്‍, ഒരു ബോട്ട് ജെട്ടി, ഹെലിപാഡുകള്‍, സ്പോര്‍ട്സ് ആന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവ ഇവിടെയുണ്ടാകും.

നീന്തലിനും ഡൈവിങിനുമുള്ള കേന്ദ്രം, അമ്യൂസ്മെന്റ് പാര്‍ക്ക്, സ്പ്ലാഷ് പാര്‍ക്ക്, ഇ-സ്പോര്‍ട്സ് സെന്റര്‍ എന്നിവയുള്‍പ്പെടെ ജലത്തെ അടിസ്ഥാനമാക്കിയുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും റിഗ് വാഗ്ദാനം ചെയ്യുന്നു. സൗദി അറേബ്യയുടെ സമ്പന്നമായ എണ്ണ-വാതക പൈതൃകം ആഘോഷിക്കുന്ന പദ്ധതി അതുല്യവും അസാധാരണവുമായ സാഹസിക വിനോദ അനുഭവം പ്രദാനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here