അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്ന് വിരാട് കോലിയെ ആലിംഗനം ചെയ്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിന് സ്വീകരണം. യുവാവിനെ പൂമാല അണിയിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
ഇൻഡോറിൽ നടന്ന രണ്ടാം ടി20 മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബൗണ്ടറി ലൈനിന് സമീപം നിൽക്കുകയായിരുന്ന കോലിയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകൻ താരത്തെ കെട്ടിപ്പിടിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
യുവാവിനെ ടുക്കോഗഞ്ച് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു. പിന്നീട് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊലീസ് വിട്ടയച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഇയാളെ പൂമാല അണിയിച്ചാണ് കുടുംബവും സുഹൃത്തുക്കളും സ്വീകരിച്ചത്. ഈ സ്വീകരണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.